മകളും ഭര്‍ത്താവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു: സന്ധ്യയുടെ അമ്മ
Wednesday, May 21, 2025 1:05 AM IST
കൊച്ചി: സന്ധ്യയും ഭര്‍ത്താവ് സുഭാഷും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും മകളെ മർദിക്കാറുണ്ടെന്നും സന്ധ്യയുടെ അമ്മ അല്ലി പറഞ്ഞു.
“തിങ്കളാഴ്ച രാത്രി ഏഴിന് സന്ധ്യ വീട്ടിലേക്ക് വന്നിരുന്നു. കുഞ്ഞ് എന്റെ കൈയില്‍നിന്നു പോയി എന്ന് ഒരു കൂസലുമില്ലാതെ പറഞ്ഞു. കുഞ്ഞ് എവിടെയെന്ന് വീണ്ടും ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. സന്ധ്യ ഇവിടെ വന്നുനില്ക്കാറില്ല. അതിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിക്കില്ല. സന്ധ്യയും ഭര്‍ത്താവുമായി തര്‍ക്കം പതിവാണ്.
സുഭാഷ് മര്‍ദിക്കാറുണ്ടെന്ന് സന്ധ്യ പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകുന്നയാളല്ല സന്ധ്യ. എന്റെ മൂത്ത മകളുടെയത്ര കാര്യശേഷി അവള്‍ക്കില്ല. വീട്ടുജോലി ചെയ്യുന്നതിലൊക്കെ മടിയാണ്. അതു പറഞ്ഞ് ഭര്‍ത്താവുമായി വഴക്ക് പതിവാണ്.
കുട്ടികളെ ഇവിടെ നിര്‍ത്താന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കു താത്പര്യമില്ല. മകള്‍ക്കു മാനസിക പ്രശ്നമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടു. അതുപ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് സൈക്യാട്രിസ്റ്റിനെ കാണിച്ച് പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കി. 35 വയസ് ഉണ്ടെങ്കിലും 18- 19 വയസിന്റെ ബുദ്ധിയേ അവള്‍ക്കുള്ളൂ’’- അല്ലി പറഞ്ഞു.