വന്യജീവി ആക്രമണം: ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് സണ്ണി ജോസഫ്
Wednesday, May 21, 2025 1:04 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പല തവണ ഇക്കാര്യം ആവശ്യപ്പെട്ടു.
എന്നാൽ ഒരു നടപടിയുമുണ്ടായില്ല. വന്യജീവി ആക്രമണങ്ങളിൽ ഭരണപക്ഷ എംഎൽഎമാർ പോലും പരസ്യമായി പ്രതിഷേധിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
ഇടതു സർക്കാരിന്റെ നാലു വർഷം സമ്പൂർണ പരാജയമാണ്. സർക്കാരിന് പാസ് മാർക്ക് പോലും നൽകാൻ കഴിയില്ല. അതിനാലാണ് സർക്കാരിന്റെ നാലാം വാർഷിക ദിനം യുഡിഎഫ് കരിദിനമായി ആചരിച്ചത്.
ദളിത് യുവതി പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം കുടിവെള്ളംപോലും ഇല്ലാതെ ക്രൂരമായ മാനസിക പീഡനത്തിന് വിധേയമായ സംഭവത്തിൽ കൃത്യമായ പരിഹാരം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
കൊട്ടിഘോഷിക്കപ്പെട്ട ദേശീയപാത മലപ്പുറത്ത് തകർന്നുവീണു. റോഡുവികസന കാര്യത്തിൽ നേരത്തേ അവകാശവാദം ഉന്നയിച്ചവരെല്ലാം ഇപ്പോൾ അതിന്റെ പിതൃത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.