കേസ് ഒഴിവാക്കാന്‍ കൈക്കൂലി ; പ്രതിക്കൂട്ടിൽ ഇഡി
Wednesday, May 21, 2025 1:05 AM IST
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) വിജിലന്‍സിൽ ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും വന്‍ തുകകള്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടുള്ളവ. വ്യവസായികളടക്കമുള്ളവരാണു പരാതിക്കാരിലേറെയും. ഇഡിയുടെ പേരില്‍ ഇടനിലക്കാരാണു പരാതിക്കാരെ സമീപിച്ചിട്ടുള്ളത്. നിലവില്‍ വിജിലന്‍സിന് മൊബൈല്‍ ഫോണില്‍ ലഭിച്ചിട്ടുള്ള പരാതികളിന്മേല് വിശദമായ അന്വേഷണം നടത്തും.
ഇതിന്റെ ഭാഗമായി പരാതിക്കാരില്‍നിന്ന് ആദ്യഘട്ടത്തില്‍ മൊഴി രേഖപ്പെടുത്തും. ഏതാനും ചിലരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവരുമായി വിജിലന്‍സിനു സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈകാതെ ഇവരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കും. പരാതിയില്‍ ആരോപിച്ചിട്ടുള്ള ഇഡി ഉദ്യോഗസ്ഥര്‍ക്കു സംഭവത്തില്‍ പങ്കുണ്ടോയെന്നതടക്കം വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഇഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരേ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണു വിജിലന്‍സ് ശ്രമം. അതേസമയം, ഇഡി ഉദ്യോഗസ്ഥനടക്കം പ്രതിയായ കൈക്കൂലി കേസിന്റെ യാതൊരു വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടില്ലെന്ന് വിജിലന്‍സ് മധ്യമേഖലാ എസ്പി എസ്. ശശിധരന് പറഞ്ഞു.
ഫോണ്‍വിളികള്‍ പരിശോധിക്കുന്നു
അനീഷ് ബാബുവിന്റെ പരാതിയില്‍, അറസ്റ്റിലായ പ്രതികളുടെ ഫോണ്‍വിളികള്‍ പരിശോധിക്കുന്നു. പ്രതികളെയും കേസില്‍ ആരോപണവിധേയരായ ഇഡി ഉദ്യോഗസ്ഥരെയും ബന്ധിപ്പിക്കുന്ന നിര്‍ണായക രേഖകള്‍ ഫോണില്‍ ഉള്ളതായാണു വിവരം.
ബാങ്ക് ഇടപാടുകള്‍, കേസുമായി ബന്ധപ്പെട്ട ശബ്ദസന്ദേശങ്ങള്‍ തുടങ്ങിയവയും സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. തമ്മനം സ്വദേശി വില്സൻ, രാജസ്ഥാന് സ്വദേശി മുകേഷ് കുമാര്‍, എറണാകുളം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത് വാര്യര്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
പ്രതികാരനടപടി ഭയക്കുന്നതായി പരാതിക്കാരന്
ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസില്‍ തനിക്കെതിരേ ഇഡിയുടെ ഭാഗത്തുനിന്ന് പ്രതികാരനടപടി ഭയക്കുന്നതായി കേസിലെ പരാതിക്കാരന് അനീഷ് ബാബു. ഇഡി തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കൃത്യമായ ബോധ്യത്തോടെയാണു പരാതി നല്‍കിയത്. ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചതിനാലാണു ചോദ്യംചെയ്യലില്‍നിന്ന് ഇറങ്ങിപ്പോയത്. അന്വേഷണവുമായി ഇനിയും സഹകരിക്കും. പരാതിയില്‍നിന്ന് പിന്നോട്ടു പോകില്ല, അവസാനംവരെ ഉറച്ചുനില്‍ക്കുമെന്നും അനീഷ് ബാബു പറഞ്ഞു.
ഒത്തുതീര്‍പ്പിന് ഫോണ്‍വിളി; ശബ്ദസന്ദേശം പുറത്ത്
ഇഡിയുടെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി കേസ് ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരനെ പ്രതി വില്സൻ ഫോണില്‍ വിളിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്ത്. കേസ് ഒഴിവാക്കേണ്ടത് എന്റെയല്ല തന്റെ ആവശ്യമാണെന്നും അതുകൊണ്ട് നേരില്‍ കാണാന്‍ വരണമെന്നും ഒരുതരത്തിലുള്ള ഫോണ്‍കോള്‍ റിക്കാര്ഡിംഗുകളോ മറ്റോ ചെയ്യരുതെന്നും വില്സൻ അനീഷ് ബാബുവിനോട് പറയുന്നു.
മറ്റു പ്രശ്നങ്ങളൊന്നും ഇല്ലല്ലോയെന്ന് അനീഷ് ബാബു ചോദിക്കുമ്പോള്‍ ഒരു പ്രശ്നവുമില്ലെന്നും എല്ലാം പറഞ്ഞിട്ടുണ്ടല്ലോയെന്നും അനീഷിന്റെ മറുപടി.
ചോദ്യംചെയ്യലില്‍നിന്ന് ഇറങ്ങിപ്പോന്നതിനെക്കുറിച്ചുള്ള വില്‍സന്റെ ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ അതുപോലെ മോശമായി പെരുമാറിയെന്നും ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അനീഷ് ബാബു പറയുന്നു. നേരത്തേ വാട്സ്ആപ്പില്‍ വിളിച്ചപ്പോള്‍ സ്കാം ആയിരിക്കുമെന്നാണ് കരുതിയതെന്നും അനീഷ് വില്സനോട് പറയുന്നതായും സംഭാഷണത്തിലുണ്ട്.