കല്യാണി ഇനി കണ്ണീരോർമ
Wednesday, May 21, 2025 1:05 AM IST
കോലഞ്ചേരി: സുരക്ഷിത കരങ്ങളാകേണ്ട അമ്മയാൽത്തന്നെ ജീവന് പൊലിയേണ്ടിവന്ന കുഞ്ഞുകല്യാണിക്ക് ഹൃദയവേദനയോടെ നാട് വിട നല്കി.
മൂന്നു വയസുകാരി കല്യാണി കഴിഞ്ഞ ദിവസം വരെ ഓടിനടന്ന വീടിന്റെ അതേ മുറ്റത്തേക്ക് കുഞ്ഞിന്റെ ചേതനയറ്റ ശരീരം എത്തിച്ചപ്പോള്‍ മറ്റക്കുഴി നാടൊന്നാകെ വിതുമ്പുന്ന കാഴ്ചയാണു കണ്ടത്.
മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തിരുവാങ്കുളത്തിനടുത്ത് മറ്റക്കുഴിയിലെത്തിച്ചത്. വീട്ടില്‍ നാട്ടുകാരും ഉറ്റവരും ഉടയവരും കല്യാണിയുടെ കൊച്ചുകൂട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത്.
നിര്‍വികാരനായി അച്ഛൻ സുഭാഷും ആറാംക്ലാസ് വിദ്യാര്‍ഥിയായ ജ്യേഷ്ഠന് കാശിനാഥും മൃതദേഹത്തിന് സമീപം നില്ക്കുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് തനിക്ക് ഉടുപ്പ് വേണമെന്നാവശ്യപ്പെട്ടതുപ്രകാരം വാങ്ങിയ പുത്തനുടുപ്പ് കല്യാണിയുടെ കൊച്ചച്ചന് സുമേഷ് മൃതദേഹത്തില്‍ അണിയിച്ചു.
തങ്ങളോടൊപ്പം മണിക്കൂറുകള്‍ക്കു മുമ്പ് വരെ ഉണ്ടായിരുന്ന കുഞ്ഞിന്റെ ചേതനയറ്റ ശരീരം കണ്ട് വിശ്വസിക്കാനാകാത അധ്യാപികയുള്പ്പെടുന്ന അങ്കണവാടി കുടുംബവും പ്രിയപ്പെട്ട കല്യാണിക്കുട്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അരികത്തുണ്ടായിരുന്നു.
ബെന്നി ബെഹനാന് എംപി, മുന്‍ എംഎല്‍എ വി.പി. സജീന്ദ്രന് എന്നിവരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.