കല്യാണിയെ കാണാതായത് തിങ്കളാഴ്ച വൈകുന്നേരം
Wednesday, May 21, 2025 1:05 AM IST
കൊച്ചി: തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് തിരുവാണിയൂര്‍ പഞ്ചായത്തിലെ 69-ാം നമ്പര്‍ അങ്കണവാടിയില്‍നിന്ന് അമ്മ സന്ധ്യ കല്യാണിയെ കുറുമശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. രാത്രി ഏഴോടെ സന്ധ്യ കുറുമശേരിയിലെ വീട്ടിലെത്തി. ഈ സമയത്ത് സന്ധ്യക്കൊപ്പം കുഞ്ഞില്ലായിരുന്നു.
സന്ധ്യയുടെ അമ്മ ചോദിച്ചപ്പോള്‍ ആദ്യം ഒന്നും പറഞ്ഞില്ല. ആവർത്തിച്ചു ചോദിച്ചപ്പോൾ ആലുവയില്‍ വച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യ മറുപടി. പിന്നീട് ബസില്‍വച്ച് നഷ്ടപ്പെട്ടെന്നും തന്റെ കൈയില്‍നിന്നു പോയെന്നും പരസ്പരവിരുദ്ധ മറുപടി നല്‍കിയതോടെ സന്ധ്യയുടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിവരമറിഞ്ഞതോടെ പുത്തന്‍കുരിശ് പോലീസില്‍ ഇവരും പരാതി നല്കി. തുടര്‍ന്ന് സന്ധ്യയെ ചെങ്ങമനാട് പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുഞ്ഞിനെ കാണാതായതു സംബന്ധിച്ച് പോലീസിനോടും പരസ്പരവിരുദ്ധമായാണു സന്ധ്യ തുടക്കത്തില്‍ സംസാരിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സന്ധ്യ യാത്ര ചെയ്ത വഴികള്‍ പരിശോധിച്ചായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍. ഇതോടെ സന്ധ്യക്ക് പിടിച്ചുനില്‍ക്കാനായില്ല. മൂഴിക്കുളം പാലത്തിന് മധ്യഭാഗത്തുവച്ച് കുട്ടിയെ ഉപേക്ഷിച്ചുവെന്ന് മൊഴി നല്കി. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കനത്ത മഴയെ അവഗണിച്ചാണ് പോലീസും സ്കൂബാ സംഘവും പുഴയില്‍ തെരച്ചില്‍ നടത്തിയത്. നാലാം റൗണ്ട് തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ഇതിനുശേഷമാണ് മകളെ പുഴയിലെറിഞ്ഞു കൊന്നതാണെന്ന കാര്യം സന്ധ്യ സമ്മതിച്ചത്. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടായിരുന്നു സന്ധ്യ. സംഭവത്തിനുശേഷവും യാതൊരു കൂസലുമില്ലാതെയായിരുന്നു പെരുമാറ്റം.
താനാണിതു ചെയ്തതെന്നും ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു അവർ പോലീസിനോടു പറഞ്ഞത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമാകാനുണ്ടെന്ന് എസ്പി
സന്ധ്യ മകളെ കൊല്ലാനുള്ള കാരണം വ്യക്തമാകാനുണ്ടെന്ന് എറണാകുളം റൂറല്‍ പോലീസ് മേധാവി എം. ഹേമലത പറഞ്ഞു. ചോദ്യം ചെയ്യലിനോടു സന്ധ്യ സഹകരിക്കുന്നുണ്ടെങ്കിലും മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സാധിക്കുന്നതല്ലെന്നും ഹേമലത വ്യക്തമാക്കി. മകളെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്യും.
കുട്ടിയുമായി സന്ധ്യ പാലത്തിലേക്കു വന്നതും കുട്ടിയില്ലാതെ പോകുന്നതുമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റകൃത്യത്തില്‍ സന്ധ്യയെ ആരും സഹായിച്ചിട്ടില്ല. സന്ധ്യയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അന്വേഷണഘട്ടങ്ങളില്‍ മാനസിക വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
എം. ഹേമലതയുടെ നേതൃത്വത്തില്‍ ആലുവ ഡിവൈഎസ്പി ടി.ആര്. രാജേഷ്, ഇന്‍സ്പെക്ടര്‍ സോണി മത്തായി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.