ഏകീകൃത കുർബാനയർപ്പണം; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ അപകടകരമെന്ന് സീറോമലബാർ സഭ
Wednesday, May 21, 2025 1:05 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയർപ്പണം നടത്തുന്നതുമായി ബന്ധപ്പെട്ട് സഭയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതും വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രചാരണങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണെന്ന് സീറോമലബാർ സഭാ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് പറഞ്ഞു.
ഏകീകൃത കുർബാനയർപ്പണം സംബന്ധിച്ചു ചില സംഘടനകൾ സീറോമലബാർ സഭയിലെ മെത്രാന്മാർക്ക് അയച്ചതായി പറയപ്പെടുന്ന കത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ചില പത്രവാർത്തകൾ പ്രചരിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടവരുത്തുന്നു.
സഭയിലെ ഉന്നത അധികാരസമിതി മെത്രാൻസംഘമാണ്. ആരാധനക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിനഡ് സ്വീകരിക്കുന്ന തീരുമാനങ്ങൾ അന്തിമമാണ്. സഭയുടെ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സിനഡിന്റെ തീരുമാനം പുനഃപരിശോധനയുടെ വിഷയമല്ലെന്നതും എല്ലാവർക്കും ബാധകമാണെന്നതും അവിതർക്കിതമായ വസ്തുതയാണ്. സിനഡ് തീരുമാനത്തെയും സിനഡിന്റെ അധികാരത്തെയുംകുറിച്ച് തെറ്റിദ്ധാരണാജനകമായ അബദ്ധപ്രചാരണങ്ങൾ സഭയുടെ കെട്ടുറപ്പിനെ ദോഷകരമായി ബാധിക്കും.
സീറോമലബാർ സഭയിൽ ഏകീകൃത രീതിയിലുള്ള കുർബാനയർപ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സിനഡ് തീരുമാനം പൗരസ്ത്യ തിരുസംഘവും സാർവത്രിക സഭയുടെ തലവനായ മാർപാപ്പയും അംഗീകരിക്കുകയും നടപ്പിലാക്കാൻ നിർദേശിക്കുകയും ചെയ്തതാണ്.
ഈ വിഷയത്തിൽ ഒരു പിന്മാറ്റം സാധ്യല്ലാത്തതിനാൽ തീരുമാനം നടപ്പിലാക്കി സഭയുടെ ഐക്യവും ഏകതയും പരിരക്ഷിക്കേണ്ടതിന്റെ സാധ്യതകളെക്കുറിച്ചാണ് സഭയ്ക്കുള്ളിൽ പരസ്പര ബഹുമാനത്തോടെയും തുറവിയോടെയും ചർച്ചകൾ നടക്കേണ്ടതും പരിഹാരത്തിലെത്തേണ്ടതും.
അനുരഞ്ജനത്തിന്റെയും സംഭാഷണത്തിന്റെയും വാതിലുകൾ അസഹിഷ്ണുതയോടെയും അക്ഷമയോടെയും കൊട്ടിയടച്ച് വിഭജനത്തിന്റെ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ സഭാഗാത്രത്തിൽ ഏൽപ്പിക്കാനുള്ള നീക്കങ്ങളെ വിശ്വാസികൾ കരുതിയിരിക്കണം.
മിശിഹായ്ക്കും അവിടത്തെ സുവിശേഷത്തിനും എതിർസാക്ഷ്യം നൽകുന്ന എല്ലാവിധ പ്രവർത്തനങ്ങളിൽനിന്നും വിശ്വാസികൾ ജാഗ്രതയോടെ അകലം പാലിക്കണം. ഐക്യത്തിലേക്കും പരസ്പരസ്നേഹത്തിലേക്കും നമ്മെ വിളിച്ച മിശിഹാ പ്രതിസന്ധിയുടെ ഇക്കാലത്തു സഹായിക്കുന്നതിന് പ്രാർഥിക്കാമെന്നും റവ. ഡോ. ടോം ഓലിക്കരോട്ട് പറഞ്ഞു.