ഷഹബാസിന്റെ കൊലപാതകം; പ്രതികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചത് എന്തിനെന്നു ഹൈക്കോടതി
Wednesday, May 21, 2025 1:05 AM IST
കൊച്ചി: താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാഫലം തടഞ്ഞുവച്ചതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം.
പരീക്ഷയെഴുതാന്‍ അനുവദിച്ചശേഷം ഫലം തടഞ്ഞത് എന്ത് അധികാരത്തിലാണെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ചോദിച്ചു. കുറ്റകൃത്യവും പരീക്ഷയും തമ്മില്‍ ബന്ധമില്ലെന്നും ഫലം പുറത്തുവിടാത്തത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിർദേശം ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. ക്രിമിനല്‍ നിയമസംവിധാനം ലക്ഷ്യമിടുന്നത് പരിവര്‍ത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്തെന്ന പേരില്‍ പരീക്ഷ എഴുതുന്നതില്‍നിന്നു വിലക്കാനാകുമോ? ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഉത്തരവാദികളാകും.
പ്രതികളായ വിദ്യാര്‍ഥികള്‍ നല്കിയ ജാമ്യഹര്‍ജിയായതിനാല്‍ പരീക്ഷാഫലത്തിന്റെ കാര്യത്തില്‍ ഇടപെടാനാകില്ല. കക്ഷികള്‍ക്ക് ഇതിനായി ബന്ധപ്പെട്ട കോടതികളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ജാമ്യഹര്‍ജികള്‍ ഇന്ന് 3.30ന് പരിഗണിക്കാന്‍ മാറ്റി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും അവരുടെ ജീവന് അപകടത്തിലാകുമെന്നും വിലയിരുത്തി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.