നദികളിൽനിന്ന് വീണ്ടും മണൽവാരൽ
Wednesday, May 21, 2025 1:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽനിന്നു മണൽ വാരാൻ അനുമതി നൽകി സർക്കാർ. 10 വർഷമായി നിർത്തിവച്ചിരുന്ന മണൽ നടപടികൾക്കാണ് അനുമതി നൽകി റവന്യു വകുപ്പ് ഉത്തരവിറക്കിയത്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങൾ, മാർഗനിർദേശങ്ങൾ, സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ വിധികൾ എന്നിവയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജ്യൂറിന്റെ അടിസ്ഥാനത്തിലാണ് മണൽവാരലിന് അനുമതി. ഓരോ ജില്ലയിലെയും നദികളിലെ മണലിന്റെ അളവ്, വാരിമാറ്റേണ്ട മണൽശേഖരം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ സർവേ റിപ്പോർട്ട് തയാറാക്കണം.
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (നാബെറ്റ്) അല്ലെങ്കിൽ ക്വാളിറ്റി കണ്ട്രോൾ ഓഫ് ഇന്ത്യ അംഗീകരിച്ച കണ്സൾട്ടന്റാവണം മണൽ ലഭ്യത സംബന്ധിച്ച ജില്ലാ സർവേ റിപ്പോർട്ട് തയാറാക്കേണ്ടതും ഇതിന്റെ അടിസ്ഥാനത്തിലാകണം മണൽവാരലിനു പാരിസ്ഥിതിക അനുമതി നൽകേണ്ടതും.
പാരിസ്ഥിതികാനുമതിയുടെ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഏജൻസിയായ സിഎസ്ഐആർ, എൻഐഐഎസ്ടി എന്നിവയെ വിവിധ ജില്ലകളിൽ ചുമതലപ്പെടുത്തിയിരുന്നു. ഇവർ 11 ജില്ലകളിലെ കരട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാരാണ് മണൽ വാരാൻ അനുമതി നൽകേണ്ടത്. ഇതോടെ സംസ്ഥാനത്തു നദികളിലെ മണൽവാരൽ വീണ്ടും സജീവമാകും.
2006 ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ മണൽവാരലിന് പാരിസ്ഥിതികാനുമതി വേണമെന്ന നിർദേശം 2015ൽ സംസ്ഥാനത്തു നടപ്പാക്കിയതോടെ 2016 ജനുവരി ഒന്നു മുതൽ മണൽ വാരൽ സംസ്ഥാനത്തു പൂർണമായി നിർത്തിവച്ചിരുന്നു.
ഇതേത്തുടർന്ന് നിർമാണപ്രവർത്തനങ്ങൾക്ക് അടക്കം മണൽ ലഭ്യമാകാത്ത സാഹചര്യമുണ്ടായി. നദികളിൽ മണൽശേഖരം വൻതോതിൽ കുന്നുകൂടിയതോടെ വെള്ളപ്പൊക്കത്തിന് ഇടയാക്കി.
2018 ലെ മഹാപ്രളയത്തിനു പിന്നാലെ നദികളിലെ മണൽവാരൽ വീണ്ടും സർക്കാരിന്റെ സജീവ പരിഗണനയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എസ്ഒപി തയാറാക്കാൻ ചീഫ് സെക്രട്ടറി അടക്കമുള്ള സമിതിയെ നിയോഗിച്ചത്.