തമിഴ്നാട്ടിൽ വാഹനാപകടം; മൂന്നാർ സ്വദേശികളായ ദന്പതികളും മകളും മരിച്ചു
Wednesday, May 21, 2025 1:05 AM IST
മൂന്നാർ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. മൂന്നാർ ഗൂഡാർവിള ഫാക്ടറി ഡിവിഷൻ സ്വദേശിയായ രാജ എന്നു വിളിക്കുന്ന നിക്സണ് (47), ഭാര്യ ജാനകി (42), മകൾ ഹൈനി ശ്രീ (15) എന്നിവരാണു മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മറ്റൊരു മകൾ മൗനി ശ്രീ (11) തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുപ്പൂർ ജില്ലയിലെ ഉടുമലപേട്ട കങ്കയത്ത് ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനു നിയന്ത്രണം നഷ്ടപ്പെടുകയോ ഡ്രൈവർ ഉറങ്ങിപ്പോകുകയോ ചെയ്തതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്നാറിൽനിന്നു കഴിഞ ദിവസം ഈറോഡിൽ ഒരു ചടങ്ങിൽ സംബന്ധിച്ച് മടങ്ങിവരുന്പോഴായിരുന്നു ദുരന്തം. റോഡിലൂടെ യാത്ര ചെയ്തവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നാട്ടുകാർതന്നെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കങ്കയം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
അപകടസ്ഥലത്തുനിന്നു ലഭിച്ച ആധാർ കാർഡിൽനിന്നാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത്. മൂന്നാറിലെ പ്രാദേശിക കേബിൾ ഓപ്പറേറ്ററാണു നിക്സണ്. ഭാര്യ ജാനകി ഈറോഡിൽ ജോലി ചെയ്യുകയാണ്.