നോവായി കല്യാണി
Wednesday, May 21, 2025 1:05 AM IST
കൊച്ചി: വെള്ളനിറത്തിലുള്ള കുഞ്ഞുടുപ്പിട്ട്, കാലില്‍ വെളുത്ത സോക്സുകള്‍ അണിഞ്ഞ് അവളൊരു കുഞ്ഞ് മാലാഖയെപ്പോലെ ഉറങ്ങുകയായിരുന്നു. ചേട്ടന് കുഞ്ഞനുജത്തിയെ പലതവണ വിളിച്ചിട്ടും അവള് അറിഞ്ഞില്ല. കൂട്ടുകാരും ടീച്ചര്‍മാരും വീട്ടിലെത്തിയതും കല്യാണി അറിഞ്ഞതേയില്ല. അവള് ഒരിക്കലും മടങ്ങിവരാത്ത ഉറക്കത്തിലായിരുന്നു.
കളിചിരികളുമായി കല്യാണി ഓടിക്കളിച്ച തിരുവാണിയൂർ മറ്റക്കുഴി കീഴ്പിള്ളിൽ വീട്ടിലേക്ക് ചേതനയറ്റ ആ കുരുന്നുശരീരം അവസാനമായി എത്തിച്ചപ്പോള്‍ നാട് മുഴുവന്‍ അവളുടെ ഓര്‍മയില്‍ വിതുന്പി. എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു കല്യാണി. അതുകൊണ്ടുതന്നെ വികാരനിര്‍ഭരമായ രംഗങ്ങളാണ് സുഭാഷിന്റെ വീട്ടിലേക്ക് കുഞ്ഞിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ ഉണ്ടായത്.
അങ്കണവാടിയിലേക്കു പോയ കുരുന്ന് ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാകാതെ അവളുടെ ഉറ്റവരും ഉടയവരും വിതുമ്പുകയായിരുന്നു.
മധുരം കഴിച്ച് മടക്കം
“തിങ്കളാഴ്ച വൈകുന്നേരം അമ്മ സന്ധ്യ കൂട്ടിക്കൊണ്ടുപോകാന്‍ അങ്കണവാടിയിൽ എത്തുമ്പോള്‍ അവള് ഭക്ഷണം കഴിക്കുകയായിരുന്നു. ഒരു കുട്ടിയുടെ പിതാവിന്റെ പിറന്നാളിനോടനുബന്ധിച്ച് ലഡു കൊണ്ടുവന്നിരുന്നു. അതും പാലും കഴിക്കുന്നതിനിടെയാണ് സന്ധ്യ കുഞ്ഞിനെ കൊണ്ടുപോകാനായി വന്നത്.
വളരെ സന്തോഷത്തോടെയാണു കല്യാണി അമ്മയ്ക്കൊപ്പം പോയത്. എനിക്ക് ടാറ്റാ തന്നു പോയ കുഞ്ഞിനെ പിറ്റേന്ന് ഈ അവസ്ഥയില്‍ കാണേണ്ടിവന്നത് താങ്ങാനാകുന്നില്ല’’- തിരുവാണിയൂര്‍ പഞ്ചായത്തിലെ പണിക്കരുപടിയിലുള്ള 69-ാം നമ്പര്‍ അങ്കണവാടിയിലെ കല്യാണിയുടെ അധ്യാപികയായ സൗമ്യയുടെ വാക്കുകള്‍ ഇടറി.
സിന്ധു ഇല്ലാതിരുന്നതിനാല്‍ തിങ്കളാഴ്ച സൗമ്യതന്നെയായിരുന്നു അങ്കണവാടിയിൽ കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. “ഉച്ചയ്ക്ക് ചോറു കൊടുത്തപ്പോള്‍ കുഞ്ഞ് വളരെ പതുക്കെയാണു കഴിച്ചത്.
കൈ നിറച്ച് വാരിക്കഴിക്കണമെന്നു പറഞ്ഞ് ഞാന്‍തന്നെ അടുത്തിരുത്തി മുഴുവന്‍ കഴിപ്പിച്ചു. അമ്മ അവളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നപ്പോള്‍ ഭക്ഷണം കഴിച്ചു തീര്‍ത്തിട്ടാണ് അവളെ വിട്ടത്. ഒരുപക്ഷേ അവൾ കഴിച്ച അവസാന ഭക്ഷണം അതായിരിക്കാം’’- സൗമ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.