ഒമ്പത് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ വിഭജനപട്ടിക പ്രസിദ്ധീകരിച്ചു
Wednesday, May 21, 2025 1:04 AM IST
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ കരടു വിഭജനപട്ടിക പ്രസിദ്ധപ്പെടുത്തി. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷനാണു പ്രസിദ്ധീകരിച്ചത്.
വയനാട്, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വാർഡുകളിലെ വിഭജനപട്ടികയാണ് ഇപ്പോൾ വന്നിട്ടുള്ളത്. വയനാട്ടിൽ 23, എറണാകുളത്ത് 82, കോഴിക്കോട് 70, ആലപ്പുഴ 72, മലപ്പുറം 94, കണ്ണൂർ 71, തിരുവനന്തപുരം 73, കൊല്ലം 68, പത്തനംതിട്ട 53 എന്നിങ്ങനെയാണു ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിന്റെ കണക്ക്. ജനസംഖ്യാനുപാതത്തിൽ അതിർത്തികൾ തിട്ടപ്പെടുത്തിയാണു വാർഡ് വിഭജനം നടത്തിയിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് കരട് വിജ്ഞാപനം 27ന്
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം 27ന് പുറപ്പെടുവിക്കാൻ ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം തീരുമാനിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ നിലവിൽ 2,080 വാർഡുകളാണുള്ളത്. പുനർവിഭജനത്തിന് ശേഷം അവ 2,267 വാർഡുകളാകും. ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണവും 2011 ലെ സെൻസസ് ജനസംഖ്യയുടെയും അടിസ്ഥാനത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ പുനർവിഭജനം നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളിലെ അംഗസംഖ്യ പുനർനിശ്ചയിച്ചു തദ്ദേശ സ്വയംഭരണവകുപ്പ് റൂറൽ ഡയറക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് 14ഉം കൂടിയത് 24ഉം വാർഡുകളുമുണ്ടാകും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ മുഖേന കരട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ ജില്ലാ കളക്ടർമാർക്ക് ഡീലിമിറ്റേഷൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ജൂൺ അഞ്ച് വരെ സ്വീകരിക്കും. പരാതികൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ നേരിട്ടോ, രജിസ്റ്റേർഡ് തപാലിലോ നൽകാം. ഗ്രാമപഞ്ചായത്തുകളുടെ വാർഡ് വിഭജന അന്തിമവിജ്ഞാപനം അച്ചടി വകുപ്പിന്റെ e-gazette വെബ് സൈറ്റിൽ (www.compose. kerala.gov.in) ലഭിക്കും.
ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങളായ ഡോ. രത്തൻ യു. ഖേൽക്കർ, കെ. ബിജു, എസ്. ഹരികിഷോർ, കെ. വാസുകി എന്നിവർ പങ്കെടുത്തു.