ദളിത് സ്ത്രീയുടെ കസ്റ്റഡി പീഡനം; പോലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി
Wednesday, May 21, 2025 1:05 AM IST
കോഴിക്കോട്: തിരുവനന്തപുരത്ത് ദളിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പോലീസിനു വീഴ്ചയുണ്ടായെന്നു സമ്മതിച്ച് മുഖ്യമന്ത്രി. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു മുഖ്യമന്ത്രി പിണറായി വിജയന് പോലീസ് നടപടിയെ തള്ളിപ്പറഞ്ഞത്.
പോലീസ് സ്റ്റേഷനില്‍വച്ച് മോശമായി പെരുമാറിയത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവാന്‍ പാടില്ലാത്തതാണ്. ഓഫീസില്‍ വന്ന് സ്ത്രീ പരാതി പറഞ്ഞിരുന്നു. പ്രശ്നത്തില്‍ ഇടപെടാമെന്നും എന്താണു സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും പറഞ്ഞിരുന്നു.
പരിശോധനയ്ക്കുള്ള സമയം മാത്രമാണെടുത്തത്. സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാട് സ്വീകരിച്ചതിന് പോലീസിനെതിരേ നടപടിയും വന്നു. കേസില്‍ ഇടപെടാന്‍ ഓഫീസിനാകില്ല. പോലീസാണ് അതില്‍ നടപടി സ്വീകരിക്കേണ്ടത്. ഇക്കാര്യമാണ് അവരെ ബോധ്യപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു പ്രധാനമന്ത്രി ഇടപെടണം. കേന്ദ്ര ഏജന്‍സിയുടെ വിശ്വാസ്യതയെയാണ് ഇതു ബാധിക്കുന്നത്. ദേശീയപാത തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണ്. ദേശീയപാതാ അധികൃതരുമായി വിശദമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കും.
ഭൂപ്രകൃതിക്കനുസരിച്ചുള്ള സൗകര്യങ്ങളും അതിനുള്ള പ്രതിരോധ നടപടികളും സ്വാഭാവികമായും സ്വീകരിക്കണം. അതിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോയെന്നതില്‍ ദേശീയപാതാ അഥോറിറ്റിയുമായി കൂടുതല്‍ ചര്‍ച്ച നടത്തും. ഇപ്പോള്‍ തുടരുന്ന പ്രവൃത്തി വീഴ്ചകളില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളും സ്വീകരിക്കും.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കേന്ദ്രനിയമത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന് എന്നിവരും പങ്കെടുത്തു.