വയനാട്ടിൽ മോഡൽ കോളജിനു തീരുമാനം
Wednesday, May 21, 2025 1:04 AM IST
തിരുവനന്തപുരം: റൂസാ പദ്ധതിയിൽ പെടുത്തി വയനാട് ജില്ലയിൽ മോഡൽ ഡിഗ്രി കോളജ് അഞ്ചു പുതിയ കോഴ്സുകളോടെ ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം. കോളജിന്റെ പ്രവർത്തനത്തിന് ആവശ്യമായ അനധ്യാപക തസ്തികകളും സൃഷ്ടിക്കും.
മാനന്തവാടി തൃശിലേരി വില്ലേജിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് കൈമാറിക്കിട്ടിയ അഞ്ച് ഏക്കർ ഭൂമിയിലാണ് കോളജ് സ്ഥാപിക്കുക. കാസർഗോഡ് ഇടയിലക്കാട് എഎൽപി സ്കൂൾ മാനേജരുടെ അപേക്ഷ പരിഗണിച്ച് സർക്കാർ നിരുപാധികം ഏറ്റെടുക്കാൻ തീരുമാനിച്ചു.
കെൽ-ഇലക്്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിൽ കെ. രാജീവനെയും ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിൽ ജി. രാജശേഖരൻ പിള്ളയെയും മാനേജിംഗ് ഡയറക്ടറായി നിയമിക്കും.
കനറ ബാങ്ക് ജനറൽ മാനേജറായി വിരമിച്ച എസ്. പ്രേംകുമാറിനെ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി രണ്ടു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും.
മൃഗസംരക്ഷണ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി ഡോ. സലിൽ കുട്ടിയെ നിയമിക്കാനും തീരുമാനിച്ചു.
ഡിഗ്രി കോഴ്സുകൾ
ബിഎസ്സി ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് റിമോട്ട് സെൻസിംഗ്, ബിഎസ് സി സൈക്കോളജി ആൻഡ് ന്യൂറോ സയൻസ്, ബികോം ഫിനാൻസ് വിത്ത് ഫോറൻസിംഗ് അക്കൗണ്ടിംഗ്, ബിഎ ഇംഗ്ലീഷ് ലാംഗേജ് ആൻഡ് ലിറ്ററേച്ചർ, ബിഎ മലയാളം.