കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു
Wednesday, May 21, 2025 1:04 AM IST
കാഞ്ഞിരക്കൊല്ലി (കണ്ണൂർ): പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരക്കൊല്ലിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു.
ആമിനപ്പാലത്തെ മടത്തേടത്ത് വീട്ടിൽ നിധീഷ് ബാബു (31) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ ആക്രമിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെ ഭാര്യ ശ്രുതി (28)ക്കും വെട്ടേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ വീടിനോടു ചേർന്ന പണിയായുധങ്ങൾ നിർമിച്ചു നല്കുന്ന ആലയിലായിരുന്നു സംഭവം.
ബൈക്കിലെത്തിയ രണ്ടു പേരാണു കൊല നടത്തിയത്. കൃത്യം നിർവഹിച്ചശേഷം പ്രതികൾ ബൈക്കിൽത്തന്നെ രക്ഷപ്പെട്ടു. കൊലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പണിയായുധങ്ങൾ നിർമിച്ചു നല്കുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട നിധീഷ്. സാമ്പത്തികപ്രശ്നത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം.
ഇന്നലെ ഉച്ചയ്ക്ക് ആലയിലെത്തിയ സംഘം വാക്കുതർക്കത്തിനിടെ അവിടെയുണ്ടായിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് ശ്രുതിക്കും വെട്ടേറ്റത്. പരിക്കേറ്റ ശ്രുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അക്രമികളെ ശ്രുതിക്കു പരിചയമുണ്ടെന്നാണ് വിവരം.
നിധീഷിന്റെ മൃതദേഹം പയ്യാവൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. മടത്തേടത്ത് വീട്ടിൽ പരേതനായ ബാബു-സരസ്വതി ദമ്പതികളുടെ മകനാണു നിധീഷ്. മക്കൾ: സിദ്ധാർഥ് (ഏഴ്), സങ്കീർത്ത് (നാല്).