കേരള കർഷകസംഘത്തിന്റെ രാപകൽ ഉപരോധം 30, 31 തീയതികളിൽ
Wednesday, May 21, 2025 1:04 AM IST
തിരുവനന്തപുരം: കേന്ദ്ര വനം-വന്യജീവി നിയമം ഭേദഗതി ചെയ്യുക, ജനവാസമേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക, വെടിവച്ചു കൊല്ലുന്ന കാട്ടുപന്നിയുടെ മാംസം ജനങ്ങൾക്ക് ഉപയുക്തമാക്കുക, ജീവഹാനി സംഭവിച്ചാൽ നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 30, 31 തീയതികളിൽ കേരള കർഷക സംഘം വനം വകുപ്പ് ആസ്ഥാനത്തിനു മുമ്പിൽ രാപകൽ ഉപരോധം നടത്തും.
കർഷകസംഘം അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ സമരം ഉദ്ഘാടനം ചെയ്യും. ഉപരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനായി നാളെ മുതൽ 29 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രചാരണ വാഹന ജാഥ നടത്തും.
അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് ഇ.പി. ജയരാജൻ ജാഥയ്ക്കു നേതൃത്വം നൽകുമെന്നു കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.