വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ്; അസംപ്ഷനിൽനിന്നു നാലുപേർ ഇന്ത്യൻ ടീമിൽ
Tuesday, May 20, 2025 11:24 PM IST
കോട്ടയം: ജൂലൈയിൽ ജർമനിയിൽ നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ചങ്ങനാശേരി അസംപ്ഷൻ കോളജിൽനിന്ന് നാല് വിദ്യാർഥിനികൾ തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം വർഷം എം എ ഇംഗ്ലീഷ് വിദ്യാർഥിനികളായ അക്ഷയ ഫിലിപ്പ് സാന്ദ്ര ഫ്രാൻസിസ് എന്നിവർ ബാസ്കറ്റ്ബോളിലും രണ്ടാംവർഷ ഇക്കണോമിക്സ് വിദ്യാർഥിയായ അനാമിക അനീഷ്, ഒന്നാം വർഷ ബികോം വിദ്യാർഥിയായ പവിത്ര എന്നിവർ വോളിബോളിലും ഇന്ത്യയെ പ്രതിനിധീകരിക്കും. ജൂലൈ 16 മുതൽ 27 വരെയാണ് മത്സരങ്ങൾ.
അക്ഷയ ഫിലിപ്പ് ഈ വർഷം നടന്ന സീനിയർ നാഷണൽ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിലും ഡെറാഡൂണിൽ നടന്ന നാഷണൽ ഗെയിംസിലും വെള്ളി മെഡൽ നേടിയ കേരള ടീം അംഗവും ഈ വർഷത്തെ അഖിലേന്ത്യ 3x3 ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ടീമിലെ അംഗവുമായിരുന്നു.
സാന്ദ്ര ഫ്രാൻസിസ് നാഷണൽ ഗെയിംസിൽ വെള്ളിമെഡൽ നേടിയ കേരളടീമിലും അഖിലേന്ത്യ സർവകലാശാല 3x3 ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ടീമിന്റെ ക്യാപ്റ്റനും ആണ്. ഇരുവരും കണ്ണൂർ സ്വദേശിനികളാണ്.
വോളിബോൾ ടീമിലുള്ള അനാമിക അനീഷും ആർ. പവിത്രയും ജനുവരിയിൽ മധ്യപ്രദേശിലെ രേവ യൂണിവേഴ്സിറ്റിയിൽവച്ച് നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ മത്സരത്തിൽ സിൽവർ മെഡൽ നേടിയ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വോളിബോൾ ടീമിലെ അംഗങ്ങളാണ്.