സർഫറാസിന്റെ വന്പൻ തിരിച്ചുവരവ്
Tuesday, May 20, 2025 2:18 AM IST
ശരീര ഭാരം കുറച്ച് അന്പരപ്പിക്കുന്ന മേക്കോവറിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ. ഒരു മാസത്തിനിടെ 10 കിലോഗ്രാം ഭാരമാണ് സർഫറാസ് ഖാൻ കുറച്ചത്.
ഐപിഎൽ 2025 താരലേലത്തിൽ അവഗണിക്കപ്പെട്ടതും ശരീരഭാരത്തിന്റെ പേരിൽ ബോഡി ഷെയിമിംഗിന് ഇരയായതും ഫിറ്റ്നസില്ലാത്ത താരമാണ് സർഫറാസ് എന്ന വിമർശനത്തിനുമാണ് പുതിയ മേക്കോവറിലൂടെ താരം മറുപടി നൽകിയിരിക്കുന്നത്.
വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി പറയാറുള്ള സർഫറാസ് ഇത്തവണ ഫിറ്റ്നസിലൂടെത്തന്നെ വിമർശകരുടെ വായടപ്പിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ സർഫറാസ് ഖാൻ ഉൾപ്പെട്ടിട്ടുണ്ട്.
ജൂണ്‍ 20 മുതൽ ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ സര്‍ഫറാസിന് വീണ്ടും ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് സെലക്ടർമാരുടെ ശ്രദ്ധയാകർഷിക്കാൻ കഴിയും.