ലാ ലിഗ: ബാഴ്സലോണക്ക് തോല്‍വി
Tuesday, May 20, 2025 2:18 AM IST
ബാഴ്സലോണ: ലാ ലിഗയിൽ ചാന്പ്യൻമാരായ ബാഴ്സലോണയെ ഞെട്ടിച്ച് രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് ജയം നേടി വില്ലാറയൽ.
ലാ ലിഗ ചാന്പ്യൻമാരായതിനു ശേഷം ബാഴ്സലോണയുടെ ആദ്യ ലീഗ് പരാജയമാണിത്. അതേസമയം ബാഴ്സയ്ക്കെതിരായ ജയത്തോടെ വില്ലാറയൽ അടുത്ത സീസണിൽ ചാന്പ്യൻസ് ലീഗിൽ സ്ഥാനം ഉറപ്പിച്ചു.
ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വില്ലാറയൽ ലീഡ് നേടി. നാലാം മിനിറ്റിൽ അയോസ് പെരസായിരുന്നു വില്ലാറയലിനെ മുന്നിലെത്തിച്ചത്.
38-ാം മിനിറ്റിൽ മികച്ച സ്ട്രൈക്കിലൂടെ ലാമിൻ യമാൽ ബാഴ്സയെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ ഫെർമിൻ ലോപ്പസിലൂടെ ബാഴ്സ രണ്ടാം ഗോൾ നേടി മത്സരത്തിൽ മുന്നിലെത്തി.
എന്നാൽ 50-ാം മിനിറ്റിൽ സാന്റി കോമസിലൂടെ വില്ലാറയൽ ഒപ്പമെത്തി. 80-ാം മിനിറ്റിൽ ബാഴ്സയെ ഞെട്ടിച്ച് കനേഡിയൻ താരം ടാജോണ്‍ ബുക്കാനൻ വില്ലാറയലിന്റെ വിജയ ഗോൾ നേടി.
മറ്റ് മത്സരങ്ങളിൽ അത്ലറ്റികോ മാഡ്രിഡ് (4-1) സ്കോറിന് റയൽ ബെറ്റിസിനെയും റയൽ മാഡ്രിഡ് (2-0) സെവില്ലയെയും അത്ലറ്റിക് ക്ലബ് (1-0) വലൻസിയയെയും ഗറ്റാഫെ (2-1) മൊല്ലാർക്കയെയും തോൽപ്പിച്ചു.