അൽകരാസ് ചാന്പ്യൻ
Tuesday, May 20, 2025 2:18 AM IST
റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് യുവതാരം കാർലോസ് അൽകരാസ്.
ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നറുടെ 26 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിന് വിരാമമിട്ടാണ് അൽകരാസ് തന്റെ ആദ്യ റോം കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അൽകരാസിന്റെ ജയം.സ്കോർ: 7-6 (5), 6-1.
യാന്നിക് സിന്നറിനെതിരേ അൽകരാസ് നേടുന്ന തുടർച്ചയായ നാലാം വിജയമാണിത്. ആകെ നേരിട്ട 11 മത്സരങ്ങളിൽ ഏഴാം ജയവും. മൂന്നു മാസത്തെ ഉത്തേജക വിലക്കിനു ശേഷം സിന്നറുടെ ആദ്യ ടൂർണമെന്റായിരുന്നു ഇത്.
റോമിലെ തന്റെ ആദ്യ കിരീടം നേടിയതോടെ റോളണ്ട് ഗാരോസ് കിരീടം നിലനിർത്താൻ സാധ്യതയുള്ള കളിക്കാരനെന്ന പദവി അൽകരാസ് വീണ്ടും ഉറപ്പിച്ചു. നിലവിലെ ചാന്പ്യനും ഈ സീസണിലെ രണ്ട് മാസ്റ്റേഴ്സ് 1000 കിരീടങ്ങൾ നേടിയ താരവുമായ അൽകരാസ് റോളണ്ട് ഗാരോസിൽ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്. 22കാരനായ താരം നേരത്തേ മോണ്ടി കാർലോയിൽ വിജയിക്കുകയും ബാഴ്സലോണയിൽ ഫൈനലിൽ എത്തുകയും ചെയ്തിരുന്നു.
വനിതാ സിംഗിൾസിൽ മൂന്നാം സീഡ് യുഎസിന്റെ കൊക്കോ ഗൗഫിനെ തോൽപ്പിച്ച് (6-4, 6-2) ജാസ്മിൻ പവോലീനി ജേതാവായി.
1985ലെ ചാന്പ്യൻ റാഫെല്ല റിഗ്ഗിക്കുശേഷം റോമിൽ ജേതാവാകുന്ന ആദ്യ ഇറ്റാലിയൻ താരമാണ് ഇരുപത്തൊൻപതുകാരി പവൊലീനി.
കഴിഞ്ഞവർഷത്തെ ഫ്രഞ്ച് ഓപ്പണിൽ ഫൈനലിസ്റ്റായിരുന്നു പവോലീനി.