ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ച് 3 ടീമുകൾ
Tuesday, May 20, 2025 2:18 AM IST
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് 2025 സീസണിൽ ഗുജറാത്ത് ടൈറ്റൻസ്- ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് പിന്നാലെ മൂന്ന് ടീമുകൾ ഒരുമിച്ച് പ്ലേ ഓഫ് മത്സരങ്ങൾക്ക് യോഗ്യത നേടി.
ഡൽഹിയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് പ്ലേ ഓഫിലേക്ക് കുതിച്ചു. ഗുജറാത്തിന്റെ ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിംഗ്സും ആദ്യ നാലിൽ പ്രവേശിച്ചു.
12-ാം റൗണ്ട് വരെ കാത്തിരിക്കേണ്ടി വന്നു സീസണിൽ പ്ലേ ഓഫിലേക്ക് ഒരു ടീമിന് കടക്കാൻ. ഇനി അവശേഷിക്കുന്നത് ഒരു സ്ഥാനമാണ്. പോരാടുന്നത് മൂന്ന് ടീമുകളും.
മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ലക്നോ സൂപ്പർ ജയന്റ്സ്. ലക്നോവിന് മൂന്ന് മത്സരങ്ങളും മറ്റു രണ്ടു ടീമുകൾക്കും രണ്ട് മത്സരങ്ങൾ വീതവുമാണ് ശേഷിക്കുന്നത്.
മുംബൈ ഇന്ത്യൻസ്: 12 മത്സരങ്ങളിൽനിന്ന് ഏഴ് ജയമടക്കം 14 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് മുൻ ചാന്പ്യന്മാർ. നെറ്റ് റണ്‍റേറ്റ് 1.156, ടൂർണമെന്റിലെ ഏറ്റവും മികച്ചത്. സീസണിൽ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ഒന്നാണിത്.

അവശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ, എതിരാളികൾ ഡൽഹിയും പഞ്ചാബും. ഡൽഹിക്കെതിരായ മത്സരം ബുധനാഴ്ച ഹോം മൈതാനമായ വാങ്കഡെയിലാണ്. പഞ്ചാബിനെതിരായ മത്സരം മേയ് 26ന് ജയ്പുരിൽ. രണ്ടു മത്സരവും തോറ്റാൽ മുംബൈ പുറത്താകും. ജയിച്ചാൽ ആദ്യ രണ്ട് സ്ഥാനത്തിലേക്കുള്ള അവസരമൊരുങ്ങും, ഗുജറാത്ത്, ബാംഗ്ലൂർ, പഞ്ചാബ് ടീമുകളുടെ ഫലം ഇതിൽ നിർണായകമാകും.
ഡൽഹി ക്യാപിറ്റൽസ്: 12 മത്സരങ്ങളിൽനിന്ന് ആറ് ജയമുള്ള ഡൽഹിക്ക് 13 പോയിന്റാണുള്ളത്. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഡൽഹിയുടെ നെറ്റ് റണ്‍റേറ്റ് 0.260 ആണ്. അവശേഷിക്കുന്ന മത്സരങ്ങൾ മുംബൈയും പഞ്ചാബുമായി. മുംബൈക്കെതിരായ മത്സരം ഡൽഹിക്ക് ജീവന്മരണ പോരാട്ടമാണ്. തോറ്റാൽ പ്ലേ ഓഫ് പ്രതീക്ഷ ഉപേക്ഷിക്കേണ്ടി വരും.

ലക്നോ: 11 മത്സരത്തിൽനിന്ന് അഞ്ച് ജയവും ആറ് തോൽവിയുമായി ഏഴാം സ്ഥാനത്താണ് ലക്നോ . നെറ്റ് റണ്‍റേറ്റ് -0.469. ലക്നോ വിന് നേടാനാകുന്ന പരമാവധി പോയിന്റ് 16 ആണ്. മുംബൈക്കിത് പതിനെട്ടും ഡൽഹിക്ക് പതിനേഴുമാണ്. പ്ലേ ഓഫിൽ കയറിയ മൂന്ന് ടീമുകൾക്കും 17 അല്ലെങ്കിൽ 18 പോയിന്റ് ഇതിനോടകമുണ്ട്. അതുകൊണ്ട് നാലാം സ്ഥാനം മാത്രമാണ് ലക്നോവിന് മുന്നിലുള്ളത്.

അവശേഷിക്കുന്ന മത്സരങ്ങളിലെ എതിരാളികൾ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ബംഗളൂരു, ഗുജറാത്ത്. ഇതിൽ ഏതെങ്കിലും ഒരു മത്സരം തോറ്റാൽ ലകനോ പുറത്താണ്.
മൂന്നു മത്സരം ജയിച്ചാൽ മാത്രം പോരാ, മുംബൈയുടെയും ഡൽഹിയുടെയും ഫലങ്ങളേയും ആശ്രയിക്കണം. ഇതിനുപുറമെ ജയങ്ങളെല്ലാം വലിയ മാർജിനിലുമായിരിക്കണം.