റൊണാൾഡോയ്ക്കു മോഹനവാഗ്ദാനവുമായി ബ്രസീലിയൻ ക്ലബ്
Tuesday, May 20, 2025 11:24 PM IST
മാഡ്രിഡ്: അടുത്ത മാസം യുഎസിൽ നടക്കുന്ന ക്ലബ് ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ഒരു ബ്രസീലിൽ ക്ലബ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. സൗദി പ്രൊ ലീഗ് ക്ലബ് അൽ നാസറുമായുള്ള റൊണാൾഡോയുടെ കരാർ ജൂണ്‍ 30 അവസാനിക്കും.
സൗദി ക്ലബ്ബിനൊപ്പം ഈ സീസണിൽ ട്രോഫികളൊന്നുമില്ലാതെയാണ് റൊണാൾഡോയ്ക്കു പൂർത്തിയാക്കേണ്ടിവന്നത്. കൂടാതെ അൽ നാസറിന് എഎഫ്സി ചാന്പ്യൻസ് ലീഗ് എലീറ്റ് ഘട്ടത്തിലേക്കു യോഗ്യതയും ലഭിച്ചില്ല. ഇതു രണ്ടും ചേർത്തു വായിച്ചാൽ പോർച്ചുഗീസ് സൂപ്പർ താരം സൗദി വിട്ടേക്കുമെന്ന സൂചനകളാണ് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ.
റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ ക്ലബ് ആരാണെന്ന് പുറത്തുവന്നിട്ടില്ലെങ്കിലും, സൗദി അറേബ്യയിലെ റൊണാൾഡോയുടെ നിലവിലെ ശന്പളത്തിന് തുല്യമാണ് ഓഫർ എന്നാണ് റിപ്പോർട്ട്.
വരാനിരിക്കുന്ന ക്ലബ് വേൾഡ് കപ്പിനായി ബ്രസീലിൽനിന്ന് പാൽമൈറസ്, ഫ്ളെമെംഗോ, ഫ്ലുമിനെൻസ്, ബോട്ടാഫോഗോ ക്ലബ്ബുകളാണുള്ളത്. ജൂണ്‍ 15 മുതൽ ജൂലൈ 13വരെയാണ് ക്ലബ് ലോകകപ്പിൽ 32 ടീമുകളാണ് പങ്കെടുക്കുന്നത്.
പ്രചരിക്കുന്ന കിംവദന്തികളെക്കുറിച്ച് ചോദിച്ചപ്പോൾ, ബോട്ടാഫോഗോയുടെ മുഖ്യ പരിശീലകൻ റെനാറ്റോ പൈവ ഒരു ലഘുവായ മറുപടി നൽകി. “ക്രിസ്മസ് ഡിസംബറിൽ മാത്രമാണ്... പക്ഷേ അദ്ദേഹം വന്നാൽ, അത്തരമൊരു താരത്തോട് നിങ്ങൾക്ക് നോ പറയാൻ കഴിയില്ല.” ഈ കിംവദന്തികളെ അംഗീകരിച്ചുകൊണ്ട് പൈവ പറഞ്ഞു.
റൊണാൾഡോയുടെ കഴിവുകളെ അദ്ദേഹം എടുത്തുകാട്ടി: “എനിക്ക് ഒന്നും അറിയില്ല. ഞാൻ ചോദ്യത്തിന് ഉത്തരം നൽകുക മാത്രമാണ് ചെയ്യുന്നത്. പക്ഷേ, ഞാൻ പറഞ്ഞതുപോലെ, പരിശീലകർ എപ്പോഴും ഏറ്റവും മികച്ചത് ആഗ്രഹിക്കുന്നു. പ്രായം നാല്‍പതിലെത്തിയിട്ടും അദ്ദേഹം ഇപ്പോഴും മികച്ച ഗോൾ സ്കോററാണ്.”