ആക്രമണം നിർത്തിയില്ലെങ്കിൽ കടുത്ത നടപടി; ഇസ്രയേലിന് താക്കീതുമായി 23 രാജ്യങ്ങൾ
Wednesday, May 21, 2025 12:04 AM IST
ലണ്ടൻ: ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണത്തിനും ഉപരോധത്തിനും എതിരെ ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ 23 രാജ്യങ്ങൾ രംഗത്ത്.
അടിയന്തരമായി ആക്രമണം അവസാനിപ്പിക്കുകയും സഹായ വിതരണം പുനരാരംഭിക്കുകയും ചെയ്തില്ലെങ്കിൽ ഇസ്രായേലിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഇവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേൽ അനുവദിച്ച പരിമിതമായ ഭക്ഷ്യസഹായം ഗാസയിലെ പട്ടിണിയിലായ ജനങ്ങൾക്ക് തികയില്ല.
ഗാസയിൽ ഭക്ഷണം അടക്കം എല്ലാ അത്യാവശ്യ വസ്തുക്കളും തീർന്നു. ജനങ്ങൾ കൊടുംപട്ടിണിയിലാണ്. ജനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കണം. സഹായ വിതരണം തടഞ്ഞു വയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. ജനങ്ങൾക്കുള്ള മാനുഷിക സഹായം രാഷ്ട്രീയവത്കരിക്കരുതെന്നും പ്രസ്താവന ആവശ്യപ്പെട്ടു.