ഊണിന് കറി കുറഞ്ഞു പോയതിനെ ചൊല്ലി തർക്കം; ഇടുക്കിയിൽ സംഘർഷം
Wednesday, May 21, 2025 12:24 AM IST
ഇടുക്കി: ഊണിന് കറി കുറഞ്ഞു പോയതിനെ ചൊല്ലി കട്ടപ്പനയിലെ ഹോട്ടലിൽ സംഘർഷം. ഭക്ഷണം കഴിക്കാൻ എത്തിയ ആറു പേർക്കും ഹോട്ടൽ ജീവനക്കാരനും പരുക്കേറ്റു.
കല്യാണത്തിന് വസ്ത്രമെടുക്കാനെത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ചൊവ്വാഴ്ച ഉച്ചയോടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തി. പാത്രത്തിൽ കറികളുടെ അളവ് കുറവായിരുന്നതിനാൽ കൂടുതൽ വേണമെന്നാവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാരുമായി തർക്കം ഉണ്ടായതാണ് സംഘർഷത്തിൽ കലാശിച്ചത്.
പ്രതിശ്രുത വരൻ ഉൾപ്പെടെ ആറ് പേർക്കും ഹോട്ടൽ ജീവനക്കാരനുമാണ് പരിക്കേറ്റത്. ചികിത്സയ്ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഇരുകൂട്ടരും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടായി. പിന്നീട് കട്ടപ്പന പോലീസ് എത്തി ഇവരെ വെവ്വേറെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി