വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് രാജ്യ വിരുദ്ധ പരാമർശങ്ങൾ പങ്കുവച്ചു; രണ്ടുപേർ പിടിയിൽ
Wednesday, May 21, 2025 2:45 AM IST
അഹമ്മദാബാദ്: ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുകയും ഇന്ത്യാ വിരുദ്ധ സന്ദേശങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ട് പേർ ഗുജറാത്തിൽ പിടിയിൽ. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഗുജറാത്തിലെ ഖേഡ ജില്ലയിലെ നാദിയാദ് നിവാസിയായ ജാസീം ഷാനവാസ് അൻസാരി എന്നയാളും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പിടിയിലായത്. ഇരുവരും ഒരു ടെലിഗ്രാം ചാനൽ പ്രവർത്തിപ്പിച്ചിരുന്നുവെന്നും ഹാക്കിംഗ് പ്രവർത്തനങ്ങളുടെ തെളിവുകൾ ലഭിച്ചതായും പോലീസ് വ്യക്തമാക്കി.
രണ്ട് പ്രതികളുടെയും ഫോണുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) പരിശോധനയ്ക്കായി അയച്ചു. കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.