കാഞ്ഞിരക്കൊല്ലിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; രണ്ടാംപ്രതി പിടിയിൽ
Wednesday, May 21, 2025 10:12 AM IST
കണ്ണൂർ: പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിൽ യുവാവിനെ രണ്ടംഗസംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. രണ്ടാം പ്രതി രതീഷ് ആണ് പിടിയിലായത്.
കേസിലെ ഒന്നാം പ്രതി വിജേഷിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. കൊല്ലപ്പണിക്കാരനായ നിധീഷിനെ വീട്ടിൽ കയറി വെട്ടുകയായിരുന്നു.
ശരീരത്തിൽ നിരവധി വെട്ടുകളേറ്റ നിധീഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ശ്രുതി (28) ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണം തടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രുതിക്ക് വെട്ടേറ്റത്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.