ചാവക്കാട് ദേശീയപാതയിലെ വിള്ളൽ; കളക്ടർ റിപ്പോർട്ട് തേടി
Wednesday, May 21, 2025 12:58 PM IST
തൃശൂർ: ചാവക്കാട് മണത്തലയില്‍ ദേശീയപാത 66 ല്‍ മേല്‍പ്പാലത്തിന്റെ റോഡില്‍ ടാറിട്ട ഭാഗത്ത് വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ദേശീയപാത അധികൃതരോടും പോലീസിനോടുമാണ് കളക്ടർ റിപ്പോർട്ട് തേടിയത്.
റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. മലപ്പുറത്തിന് പിന്നാലെ തൃശൂർ ചാവക്കാടും ദേശീയപാത 66ൽ വിള്ളൽ കണ്ടെത്തി. നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്ത് ആണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്.
ടാറിംഗ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ കാണുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ രാത്രിയിൽ എത്തി ടാറിട്ട് വിള്ളൽ മൂടുകയായിരുന്നു. ഇതുവരെ ഗതാഗതത്തിന് തുറന്നുകൊടുക്കാത്ത പാലമാണ് ഇത്.