അശോക സർവകലാശാലയിലെ പ്രഫസറുടെ അറസ്റ്റ്; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
Wednesday, May 21, 2025 3:46 PM IST
ന്യൂഡൽഹി: അശോക സർവകലാശാല അധ്യാപകൻ അലിഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്ത നടപടിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാധ്യമ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്തിയെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുവാൻ ഹരിയാന ഡിജിപിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.
അതേസമയം അധ്യാപകൻ അലി ഖാൻ മഹ്മൂദാബാദിന് ഉപാധികളോടെ സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണത്തിന് മൂന്നംഗ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഹരിയാന സർക്കാരിന് നിർദേശവും നൽകി. ഹരിയാന, ഡൽഹി സംസ്ഥാനങ്ങൾക്ക് പുറത്തുള്ളവരാകണം കേസ് അന്വേഷിക്കാൻ, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചു.
അധ്യാപകനെതിരെ മറ്റ് നടപടികൾ എടുക്കരുതെന്ന് അശോക സർവകലാശാലയോടും കോടതി നിർദേശിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു അലിഖാനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.