കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; പ്രതിഷേധവുമായി നാട്ടുകാർ
Wednesday, May 21, 2025 4:50 PM IST
കണ്ണൂര്‍: കുപ്പത്ത് ദേശീയപാതയിലേക്ക് വീണ്ടും മണ്ണിടിഞ്ഞു വീണതിൽ പ്രതിഷേധവുമായി നാട്ടുകാർ. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് കണ്ണൂര്‍ - തളിപ്പറമ്പ് പാതയിലേക്ക് മണ്ണിടിഞ്ഞുവീണത്. തുടർച്ചയായി മണ്ണിടിച്ചിലുണ്ടായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.
വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ റോഡിലേക്ക് മണ്ണിടിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. ദേശീയപാത നിര്‍മാണത്തിനായി കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സുരക്ഷ ഒരുക്കുന്നതുവരെ സ്ഥലത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
ദേശീയപാത അഥോറിറ്റി അധികൃതരടക്കം സ്ഥലത്ത് എത്തിയിട്ടില്ല. മണ്ണിടിയുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കനത്ത ആശങ്കയിലാണ്. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചതല്ലാതെ മറ്റു നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.