ഡൽഹിയിൽ വൻ ആക്രമണം നടത്താനുള്ള പാക് പദ്ധതി തകർത്തു; രണ്ടുപേർ അറസ്റ്റിൽ
Thursday, May 22, 2025 10:49 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വൻ ആക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം തകർത്തതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് ചാരനടക്കം രണ്ടുപേര്‍ അറസ്റ്റിലായി.
നേപ്പാള്‍ സ്വദേശി അന്‍സുറുള്‍ മിയ അന്‍സാരി, റാഞ്ചി സ്വദേശി അഖ്ലഖ് അസം എന്നിവരാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ഇന്ത്യ പുറത്താക്കിയ മുസഫിലീനും ഇതിൽ പങ്കുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന അന്വേഷണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായവര്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹിയിലെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില രേഖകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിന് നേപ്പാള്‍ സ്വദേശി ഇന്ത്യയിലത്തിയിട്ടുണ്ടെന്നായിരുന്നു ലഭിച്ച രഹസ്യവിവരം.
ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ സൈനിക ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങളുമായി പാക്കിസ്താനിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്‍സാരിയെന്ന നേപ്പാള്‍ സ്വദേശി അറസ്റ്റിലായത്. അന്‍സാരിക്ക് ഡല്‍ഹിയില്‍ സഹായങ്ങള്‍ ചെയ്തുനല്‍കിയത് റാഞ്ചിസ്വദേശിയാണെന്നും കണ്ടെത്തി.