അശാസ്ത്രീയത തെളിയുന്നു ; മണ്ണിട്ടുയർത്തിയത് കളിമണ്ണ് ബലപ്പെടുത്താതെ
Thursday, May 22, 2025 1:40 AM IST
എം. ജയതിലകന്‍
കോഴിക്കോട്: മലപ്പുറം ജില്ലയിലെ കൂരിയാട് ഭാഗത്ത് ദേശീയപാത 200 മീറ്ററിലധികം നീളത്തില്‍ തകര്‍ന്നതിന്റെ പ്രധാന കാരണം നിര്‍മാണത്തിലെ അശാസ്ത്രീയതയാണെന്ന് വിദഗ്ധര്‍.
കളിമണ്ണ് കലര്‍ന്ന പാടശേഖരത്തില്കൂടി അശാസ്ത്രീയമായ രീതിയില്‍ മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച റോഡ് മുഴുവന്‍ പുനര്നിര്മിക്കേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് മുന്‍ ചീഫ് എന്‍ജിനിയര്‍ പി.സി. ബാലന് ദീപികയോടു പറഞ്ഞു.
ഉറപ്പ് കുറഞ്ഞ കളിമണ്ണുള്ള പാടശേഖരത്തില്‍ 45 മീറ്റര്‍ വീതിയില്‍ എട്ടു മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മിക്കുമ്പോള്‍ സബ്സോയിലിന്റെ (അടിയിലെ മണ്ണിന്റെ) ഭാരവാഹകശേഷി വര്‍ധിപ്പിക്കേണ്ടതായിരുന്നു. കളിമണ്ണ് മഴക്കാലത്ത് വെള്ളം വലിച്ചെടുക്കുന്നതിനാല്‍ ഭാരവാഹകശേഷി തീരെ കുറവായിരിക്കും.
ആ കളിമണ്ണില്‍ എട്ടു മീറ്റര്‍ ഉയരത്തില്‍ മണ്ണ്, 60 സെന്റിമീറ്റര്‍ ഉയരത്തില്‍ മെറ്റൽ, ഓടുന്ന വാഹനങ്ങളുടെ ഭാരം എന്നിവ വരുമ്പോള്‍ ഭയാനകമായ രീതിയില്‍ താഴ്ന്നുപോകും. വെള്ളക്കെട്ട് രൂപപ്പെടുന്ന വയലിലാണ് മണ്ണിട്ടു നികത്തിയത്. മണ്ണിന് നല്ല കനമുണ്ടാകും. ഒരു ചാക്ക് മണ്ണിന് 100 കിലോയോളം തൂക്കം വരും. ഇതോടൊപ്പം ധാരാളം മെറ്റലും മണ്ണിനു മുകളില്‍ നിരത്തിയിട്ടുണ്ട്.
30 ടണ്‍ ഭാരമുള്ള വാഹനങ്ങളാണ് റോഡിലൂടെ 100 കിലോമീറ്റര്‍ വേഗത്തില്‍ കടന്നുപോകുന്നത്. വാഹനം ഓടുമ്പോള്‍ അതിന്റെ ഇംപാക്ടും ഉണ്ടാകും. കനം കൂടുമ്പോള്‍ അടിയിലെ ചെളിമണ്ണ് താഴ്ന്നുപോകുകയും വശങ്ങളിലുള്ള ചുമരുകള്‍ പൊട്ടാന്‍ കാരണമാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പാടശേഖരത്തിലെ മണ്ണ് കളിമണ്ണാണ്. വേനലില്‍ ഇതിന് ഉറപ്പുണ്ടാകും. മഴക്കാലത്ത് വെള്ളം വലിച്ചെടുക്കും. ഭാരം കൂടുമ്പോള്‍ അതു താഴ്ന്നുപോകും. അത്തരം മണ്ണ് ബലപ്പെടുത്തിയശേഷമേ പ്രവൃത്തി തുടങ്ങാന്‍ പാടുള്ളൂ. ഉറപ്പുകിട്ടുന്നതിനുവേണ്ടി ഇത്തരം മണ്ണില്‍ അടുത്തടുത്ത് കുഴിയെടുത്ത് അതില്‍ മണല്‍ നിറയ്ക്കാവുന്നതാണ്. മണലും കളിമണ്ണും ചേര്‍ന്നാല്‍ ഉറപ്പുണ്ടാകും.
കളിമണ്ണില്‍ തരിമണ്ണ് കുറവായിരക്കും. കളിമണ്ണിനു മുകളില്‍ മണലിട്ട് ഇടിച്ചുറപ്പിച്ചാലും റോഡ് താഴ്ന്നുപോകില്ല. ഇതിനുപുറമേ ചൂടിവലകളും പ്ലാസ്റ്റിക് വലകളും പാകിയശേഷം അതിനുമുകളില്‍ മണല്‍ നിറച്ചും ഉറപ്പുവരുത്തുന്നാവുന്നതാണ്. ഇതൊന്നും ചെയ്യാതെ വയലില്‍ മണ്ണിട്ടു നികത്തി റോഡുണ്ടാക്കിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
റോഡിന്റെ ഡിസൈന്‍ തയാറാക്കിയതിലെ അപാകതയാണ് അപകടത്തിനു വഴിവച്ചതെന്ന് റിട്ട. പിഡബ്ല്യുഡി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ കെ. നാരായണനും പറഞ്ഞു. മഴക്കാലത്ത് വയലിലെ വെള്ളത്തിന്റെ തോത് എത്രത്തോളമാണ്, എവിടേക്ക് തിരിച്ചുവിടാന്‍ സാധിക്കും, ഭാരം താങ്ങാനുള്ള ശേഷി മണ്ണിനുണ്ടോ എന്നുള്ള കാര്യമൊക്കെ പഠിക്കേണ്ടതായിരുന്നു. അതൊന്നും നടത്താതെ പ്രവൃത്തി നടത്തിയതാണ് റോഡ് തകരുന്നതിലേക്ക് നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചാവക്കാട്ടും വിള്ളൽ
ചാവക്കാട്: ദേശീയപാത 66 നിര്‍മാണം നടക്കുന്ന മണത്തല ഭാഗത്തും റോഡിൽ വിള്ളൽ. മേൽപ്പാലത്തിൽ ചേരുന്ന റോഡിന്റെ മുകളിലെ ടാറിട്ട ഭാഗത്താണു കഴിഞ്ഞദിവസം വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്.
ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിനു മുന്നിലെ പാതയിൽ 50 മീറ്ററിലേറെ നീളത്തിലാണു വിള്ളൽ. ദേശീയപാതാ അധികൃതര്‍ രാത്രിതന്നെ സ്ഥലത്തെത്തി ടാറിട്ട് വിള്ളലടച്ചു. എന്നാൽ, ഇന്നലെ രാവിലെ വീണ്ടും പഴയ സ്ഥലത്തു വിള്ളൽ പ്രത്യക്ഷപ്പെട്ടു. നിലവില്‍ ഈ ഭാഗം ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടില്ല.
വിള്ളലിലൂടെ വെള്ളമിറങ്ങി മലപ്പുറത്ത് ഉണ്ടായതുപോലെ പാലം തകരുമോയെന്ന ഭീതിയിലാണു നാട്ടുകാര്‍. മേൽപ്പാലത്തിലേക്ക് ചേരുന്ന അപ്രോച്ച് റോഡിന് 50 അടിയോളം ഉയരമുണ്ട്. അശാസ്ത്രീയമായ അപ്രോച്ച് റോഡ് നിർമാണമാണ് വിള്ളലിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ
കണ്ണൂർ: തളിപ്പറമ്പ് കുപ്പത്ത് ഇന്നലെ വീണ്ടും മണ്ണിടിച്ചിൽ. കപ്പണത്തട്ട് പഴയ ദേശീയപാതയുടെ ഭാഗങ്ങളാണ് ഇടിഞ്ഞുവീഴാൻ തുടങ്ങിയത്. ഇത് പ്രദേശത്ത് ഭയാനകമായ സാഹചര്യം സൃഷ്ടിച്ചു.
ദേശീയപാത നിർമാണപ്രവൃത്തി നടക്കുന്ന ഉയർന്ന പ്രദേശമായ കപ്പണത്തട്ട് മേഖലയിൽനിന്ന് മഴ കനത്തതോടെ നിരവധി വീടുകളിലെ അടുക്കളയിലേക്കു വരെ ചെളിവെള്ളം ഇരച്ചെത്തി.
പല വീടുകളിലും സൂക്ഷിച്ച വിവിധ രേഖകളും സർട്ടിഫിക്കറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു. ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇന്നലെ രാവിലെ പത്തു മുതൽ ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞുകൊണ്ട് ഉപരോധ സമരം നടത്തി. ഇതേത്തുടർന്ന് ഒരു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.
കാഞ്ഞങ്ങാട്ട് വീണ്ടും സര്‍വീസ് റോഡ് ഇടിഞ്ഞു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് വീണ്ടും ദേശീയപാതയുടെ സര്‍വീസ് റോഡ് തകര്‍ന്നു. കൂളിയങ്കാലിലാണ് റോഡ് ഇടിഞ്ഞുതാണത്. റോഡില്‍ പലയിടത്തും വിള്ളലുകളുമുണ്ട്. വീടുകള്‍ക്കു സമീപത്തേക്ക് റോഡ് ഇടിഞ്ഞുവീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ചെങ്കള-നീലേശ്വരം റീച്ചിലാണ് റോഡ് തകര്‍ന്നത്. വളരെ ഗുരുതരമായ അവസ്ഥയിലാണു റോഡുള്ളത്.
ഏകദേശം 50 മീറ്റർ ദൂരത്തില്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. വളരെ ആഴത്തില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് ഇവിടങ്ങളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം ഇതിനു സമീപം കല്യാണ്‍ റോഡിലും സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു.