പഞ്ചായത്ത് രാജിനെ ദുർബലപ്പെടുത്താൻ സിപിഎം ശ്രമം: സണ്ണി ജോസഫ്
Thursday, May 22, 2025 12:56 AM IST
തിരുവനന്തപുരം: പഞ്ചായത്ത് രാജിനെ ദുർബലപ്പെടുത്താനാണ് പിണറായി സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ശില്പശാലയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം ഇടതുസർക്കാർ വെട്ടിക്കുറച്ചു. ഫണ്ട് അനുവദിക്കുന്നില്ല. അശാസ്ത്രീയവും ഏകപക്ഷീയവുമായി വാർഡ് വിഭജനം നടപ്പാക്കുന്നു. ഭരണകക്ഷിയുടെ ഇംഗിതത്തിന് അനുസരിച്ചാണ് വിഭജനം നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ വാർഡ് വിഭജനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് ഉദ്ഘാടകയായ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറന്പിൽ എംപി, എപി അനിൽകുമാർ എംഎൽഎ എന്നിവർ പ്രസംഗിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു സ്വാഗതം പറഞ്ഞു.