ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമശതാബ്ദി ആചരണം 26 മുതല്‍
Thursday, May 22, 2025 12:56 AM IST
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശിയ മെത്രാനും വിശുദ്ധകുര്‍ബാനയുടെ ആരാധനാസന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമശതാബ്ദി ആചരണം 26മുതല്‍ ജൂണ്‍ രണ്ടുവരെ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
26ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാശേരി മേഖലയുടേയും ആരാധനാസന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തില്‍ പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്നും മെത്രാപ്പോലീത്തന്‍പള്ളിയിലെ ധന്യന്‍ മാര്‍ കുര്യാളശേരിയുടെ കബറിടത്തിലേക്ക് തീര്‍ഥാടനം. പാറേല്‍പ്പള്ളി വികാരി ഫാ.ജേക്കബ് വാരിക്കാട്ട് സന്ദേശം നല്‍കും. മിഷന്‍ലീഗ് മേഖല ഡയറക്ടര്‍ ഫാ.ജോസഫ് കുറശേരി ഫ്ളാഗ്ഓഫ് ചെയ്യും.
4.30ന് മെത്രാപ്പോലീത്തന്‍പള്ളിയില്‍ എത്തിച്ചേരുന്ന തീര്‍ഥാടകരെ വികാരി ഫാ.ജോസഫ് വാണിയപ്പുരയ്ക്കല്‍ സ്വീകരിക്കും. അഞ്ചിന് ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
27ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധകുര്‍ബാനയുടെ പരസ്യാരാധന. അഞ്ചിന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
28ന് ഉച്ചകഴിഞ്ഞ് 2.30ന് ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി കേരളത്തിന്റെ ആത്മീയ, സാമൂഹ്യ, സാംസ്കാരിക പുരോഗതിക്ക് നല്കിയ സംഭാവനകള്‍ സംബന്ധിച്ച് മെത്രാപ്പോലീത്തന്പാരിഷ്ഹാളില് സിമ്പോസിയം നടക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ഡോ.കുര്യാസ് കുമ്പളക്കുഴി വിഷയാവതരണം നടത്തും. അതിരൂപതാ വികാരിജനറാള്‍ മോണ്‍.ആന്റണി എത്തയ്ക്കാട്ട് മോഡറേറ്ററായിരിക്കും.
വികാരിജനറാള്‍ മോണ്‍.സ്കറിയ കന്യകോണില്‍, എസ്എബിഎസ് പ്രെവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ലില്ലി റോസ് കരോട്ട് വെമ്പേനിക്കല്‍ എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന -ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍.
29 മുതല്‍ ജൂണ്‍ ഒന്നുവരെ ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധകുര്‍ബാനയുടെ പരസ്യ ആരാധനയും വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാനയും ഉണ്ടായിരിക്കും.
ഈ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, സീറോമലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, തൃശൂര്‍ സഹായമെത്രാന്‍ മാര്‍ ആന്റണി നീലങ്കാവില്‍, മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്സ് താരമംഗലം എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
ചരമശതാബ്ദിദിനമായ ജൂണ്‍ രണ്ടിന് രാവിലെ ആറിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, 7.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, 10.30ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.