ധന്യൻ മാർ ഈവാനിയോസ് സുവിശേഷജീവിതക്രമം മലങ്കര സഭയ്ക്ക് പകർന്നു നൽകി: മാർ ക്ലീമിസ് കാതോലിക്കാബാവ
Thursday, May 22, 2025 12:56 AM IST
തിരുവനന്തപുരം: ബഥനി സമൂഹ സ്ഥാപകനായ ധന്യൻ മാർ ഈവാനിയോസ് സുവിശേഷത്തിൽനിന്നും വിട്ടുമാറാത്ത ജീവിതക്രമം മലങ്കര സഭയ്ക്ക് പകർന്നു നല്കിയ പുണ്യശ്ലോകനായിരുന്നുവെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.
നാലാഞ്ചിറ ഗിരിദീപം കണ്വൻഷൻ സെന്ററിൽ നടന്ന ബഥനി നവജീവൻ പ്രോവിൻസ് രജത ജൂബിലി സമാപന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു കർദിനാൾ. ദൈവാനുഭവത്തിന്റെ പങ്കുവയ്ക്കലാണ് നാം ഓരോരുത്തരും മുന്നോട്ടുവയ്ക്കേണ്ടതെന്നു ചടങ്ങിൽ ആശംസകൾ അർപ്പിച്ച കട്കി-പൂന ബിഷപ് മാത്യൂസ് മാർ പക്കോമിയോസ് അഭിപ്രായപ്പെട്ടു.
ഒഐസി സുപ്പീരിയർ ജനറൽ ഫാ. ഗീവർഗീസ് കുറ്റിയിൽ ഒഐസി അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്, ബഥനി നവജ്യോതി പ്രൊവിൻസ് പ്രൊവിൻഷ്യാൾ സുപ്പീരിയർ ഫാ. ജോർജ് അയ്യനേത്ത് ഒഐസി, സിസ്റ്റേഴ്സ് ഓഫ് ദി ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ ആർദ്ര എസ്ഐസി, ബഥനി നവജീവൻ പ്രൊവിൻസ് പ്രൊവിൻഷ്യാൾ സുപ്പീരിയർ ഫാ. സിറിൾ ആനന്ദ് മോരോത്ത് ഒഐസി, ജൂബിലി കണ്‍വീനർ ഫാ. ജോണ്‍ ക്രിസ്റ്റഫർ ഒഐസി എന്നിവർ പ്രസംഗിച്ചു.