താമരശേരി ഷഹബാസ് മരണം ; കുറ്റാരോപിതരായ വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു
Thursday, May 22, 2025 12:56 AM IST
തിരുവനന്തപുരം: കോഴിക്കോട് താമരശേരി എളേറ്റിൽ എംജെഎച്ച്എസിലെ മുഹമ്മദ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ താമരശേരി സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർഥികളുടെ തടഞ്ഞുവച്ച എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.
ഹൈ ക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താത്കാലികമായി തടഞ്ഞുവച്ച ഫലം പ്രസിദ്ധപ്പെടുത്തിയതെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
പെരിന്തൽമണ്ണ താഴേക്കാട് പിടി എം ഹയർ സെക്കൻഡറി സ്കൂളിലെ സംഘർഷവുമായി ബന്ധപ്പെട്ട് തടഞ്ഞുവച്ച മൂന്ന് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലവും പ്രസിദ്ധപ്പെടുത്തി. വിദ്യാർഥികളെല്ലാം ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. എല്ലാവർക്കും ഏകജാലക സംവിധാനത്തിൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനായി പ്രവേശന സമയം ഇന്നലെ വൈകുന്നേരം അഞ്ചു വരെ നീട്ടി നൽകി.
ഏകജാലക പ്രവേശന നടപടികൾ മുൻ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം 20ന് പൂർത്തിയാക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഫലം പ്രഖ്യാപിച്ച കുട്ടികൾക്കുകൂടി പ്രവേശന നടപടികളിൽ പങ്കാളികളാകാനാണ് ഇന്നലെ വൈകുന്നേരം വരെ നീട്ടിനല്കിയതെന്നു മന്ത്രി പറഞ്ഞു.
വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞതു സംബന്ധിച്ച് ഹൈക്കോടതി രൂക്ഷവിമർശനം ഉയർത്തിയിരുന്നു.