വന്യജീവി ആക്രമണം; നഷ്ടപരിഹാരത്തില്‍ നിയമക്കുരുക്കിന് സാധ്യത
Thursday, May 22, 2025 12:56 AM IST
കോഴിക്കോട്: വന്യജീവി ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാര ത്തുക സംബന്ധിച്ച വനംവകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെ അതു റദ്ദു ചെയ്യാതെ ഈ വിഷയത്തില്‍ ദുരന്ത നിവാരണ അഥോറിറ്റി ഇറക്കിയ പുതിയ ഉത്തരവ് നിയമക്കുരുക്ക് സൃഷ്ടിക്കുമെന്ന് ആശങ്ക.
തേനീച്ച, കടന്നല്, പാമ്പ് എന്നിവയുടെ ആക്രമണങ്ങളാലുള്ള മരണങ്ങള്ക്കൊഴികെ നിലവിലുള്ള നഷ്ടപരിഹാര ത്തുക തന്നെയാണ്, വന്യജീവി ശല്യത്തെ ‘സംസ്ഥാന സവിശേഷ ദുരന്ത’ മായി പ്രഖ്യാപിച്ചുകൊണ്ട് ദുരന്ത നിവാരണ അഥോറിറ്റി കഴിഞ്ഞയാഴ്ച ഇറക്കിയ പുതിയ ഉത്തരവിലും പ്രഖ്യാപിച്ചിട്ടുള്ളത്.
നിയമ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഉത്തരവിന്, ആദ്യ ഉത്തരവ് പ്രസിദ്ധീകരിച്ച 2024 മാര്‍ച്ച് ഏഴു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് ഉയര്‍ത്തുന്ന നിയമപ്രശ്നങ്ങള്‍ അതുകൊണ്ട് അവസാനിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍പ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് വനംവകുപ്പ് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയിരുന്നത്. 2018 ഏപ്രില്‍ അഞ്ചിനാണ് വനംവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ദുരന്ത നിവാരണ വകുപ്പിന്റെ പുതിയ ഉത്തരവില്‍ ആറു ലക്ഷം രൂപ വനംവകുപ്പ് നല്‍കുമെന്നും നാലു ലക്ഷം രൂപ ദുരന്ത പ്രതികരണ ഫണ്ട് കൂടി ചേര്‍ത്ത് 10 ലക്ഷം രൂപ നല്‍കുമെന്നാണ് പറയുന്നത്.
എന്നാല്‍ വനംവകുപ്പ് നല്കുന്ന 10 ലക്ഷം രൂപ ആറു ലക്ഷം രൂപയാക്കി കുറച്ചെന്ന് കാട്ടി ഇതുവരെയായിട്ടും ഉത്തരവിറക്കിയിട്ടില്ല. വനംവകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെ അത് ഭേദഗതി ചെയ്യുകയോ പിന്‍വലിക്കുകയോ ചെയ്യാതെ എങ്ങനെയാണ് ആ ഉത്തരവിന്റെ മുകളില്‍ ദുരന്ത നിവാരണ വകുപ്പിന് വേറെ ഉത്തരവിറക്കാന്‍ പറ്റുകയെന്ന ചോദ്യമാണ് ഉയരുന്നത്.
2023 ഡിസംബര്‍ 22 ലെ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരം വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ നഷ്ട പരിഹാരം 10 ലക്ഷം രൂപയാക്കി ഉയര്‍ത്തി ഉത്തരവിട്ടിട്ടുണ്ട്. ഈ തുക കേന്ദ്രാവിഷ്കൃത പദ്ധതികളായ പ്രോജക്ട് എലിഫന്റ് ആന്‍ഡ് ടൈഗര്‍, ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് വൈല്‍ഡ്ലൈഫ് ഹാബിറ്റാറ്റ് എന്നിവ വഴി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
കേന്ദ്രത്തില്‍ നിന്നു ഫണ്ട് കൈപ്പറ്റുകയും അത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നത് വീണ്ടും സംസ്ഥാന വനം വകുപ്പിന് കുരുക്കായി മാറാനും സാധ്യത ഏറെയാണ്. ഇവിടെ വനം വകുപ്പിന് ഉയര്‍ത്താന്‍ പറ്റുന്ന വാദം ഈ പദ്ധതികളില്‍ കേന്ദ്ര വിഹിതം 60 ശതമാനം മാത്രമാണെന്നും അത് കൊണ്ട് തന്നെ ആറു ലക്ഷം രൂപ നല്‍കുന്നത് വഴി കേന്ദ്ര ഫണ്ട് പൂര്‍ണമായും ചെലവഴിക്കുന്നുണ്ടെന്നുമാണ്. എന്നാല്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് സംസ്ഥാന വിഹിതം നല്കാതിരുന്നാല് ഭാവിയില്‍ ഫണ്ട് ലഭിക്കുന്നതിനെയും ബാധിക്കും.
യഥാര്‍ഥത്തില്‍ ആറു ലക്ഷം രൂപ കേന്ദ്രവിഹിതവും നാലു ലക്ഷം രൂപ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുമാകുമ്പോള്‍ നഷ്ടപരിഹാര വിതരണത്തില്‍ വനം വകുപ്പിന് ഒരു രൂപ പോലും ചെലവ് വരുന്നില്ലെന്നതാണ് വസ്തുതയെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ജനവഞ്ചനയാണ് കാട്ടുന്നതെന്നും കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) ആര്‍ടിഐ സെല്‍ കണ്‍വീനര്‍ മുഹമ്മദ് അഷറഫ് ചൂണ്ടിക്കാട്ടി.