ഡിജിറ്റൽ പേമെന്റിനു വ്യാജ ആപ്പ്
Thursday, May 22, 2025 12:56 AM IST
കൊല്ലം: ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ വ്യാജന്മാർ വ്യാപകമായതോടെ വ്യാപാരികൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫോൺ പേ, ഗൂഗിൾ പേ, പേടിഎം എന്നീ ആപ്പുകളിലാണ് ഇപ്പോൾ സംസ്ഥാനത്തുടനീളം വ്യാജന്മാർ സജീവമായിട്ടുള്ളത്.
ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ വ്യാപാരികൾ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് പോലീസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സാധനങ്ങൾ വാങ്ങിയതിനുശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തും.
എന്നിട്ട് പണം അയച്ചതായി കടയുടമയെ സ്ക്രീൻ ഷോട്ട് കാണിച്ച് കടന്നു കളയുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി. ഡിജിറ്റൽ പേയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പു വരുത്തണം. അല്ലാത്തപക്ഷം വഞ്ചിക്കപ്പെടാൻ സാധ്യത ഏറെയാണ്.