ദേശീയപാതയിൽ വിള്ളൽ; അന്വേഷിക്കുമെന്ന് ഗഡ്കരി ഉറപ്പു നൽകിയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ
Thursday, May 22, 2025 1:40 AM IST
മലപ്പുറം: മലപ്പുറത്ത് കൂരിയാട്, തലപ്പാറ എന്നിവിടങ്ങളിലുൾപ്പെടെ ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി ഉറപ്പു നൽകിയതായി മുസ്ലിം ലീഗ് നേതാവും പൊന്നാനിയിൽനിന്നുള്ള പാർലമെന്റ് അംഗവുമായ ഇ.ടി. മുഹമ്മദ് ബഷീർ.
നിർമാണം നടക്കുന്നതിനിടെയാണ് റോഡ് തകർന്നതെന്നും യാത്രക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നും ഇ.ടി. മുഹമ്മദ് ബഷീർ മന്ത്രിയെ അറിയിച്ചു.
നിർമാണത്തിലെ ക്രമക്കേടുകൾ പരിശോധിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കണമെന്നും എംപി നിർദേശിച്ചു. ഇതേത്തുടർന്നാണു വിശദമായി അന്വേഷിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ ഫേസ്ബുക്കിൽ അറിയിച്ചു.