ഡിജിറ്റല്‍ സര്‍വകലാശാല; ഡോ. സിസ തോമസിന്റെ നിയമനം നിയമപരമല്ലെന്നു ഹൈക്കോടതി
Thursday, May 22, 2025 12:56 AM IST
കൊച്ചി: കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ താത്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച മുൻ ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നു വ്യക്തമാക്കി ഹൈക്കോടതി ഉത്തരവിറക്കി.
വിസിയുടെ താത്കാലിക ഒഴിവ് നികത്തേണ്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കുന്ന പട്ടികയില്‍ നിന്നു ചാന്‍സലറായ ഗവർണര്‍ നിയമനം നടത്തണമെന്നാണു സര്‍വകലാശാലാ നിയമത്തില്‍ പറയുന്നത്. ഇത് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ശരിവച്ചിട്ടുമുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
ഇതേ കാരണത്താല്‍ എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിയായി ഡോ. കെ. ശിവപ്രസാദിനെ നിയമിച്ച ചാന്‍സലറുടെ നടപടിയും നിലനില്‍ക്കുന്നതല്ലെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും കാലാവധി 27ന് പൂര്‍ത്തിയാകുന്നതിനാല്‍ അതുവരെ തുടരാന്‍ അനുവദിച്ചിട്ടുണ്ട്.