പിഎസ്സി ബിരുദതല പൊതുപ്രാഥമിക പരീക്ഷ: സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നവര്‍ക്ക് വീണ്ടും അവസരം
Thursday, May 22, 2025 12:56 AM IST
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നവര്‍ക്കായി പിഎസ്സി ബിരുദതല പൊതുപ്രാഥമിക പരീക്ഷ വീണ്ടും നടത്തും.
മേയ് 24ന് പിഎസ്സി നടത്തുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയ്ക്കും മേയ് 25ന് യുപിഎസ്സി നടത്തുന്ന സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷയ്ക്കും വ്യത്യസ്ത ജില്ലകളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കപ്പെട്ടവരില്‍ 2025 മേയ് 24ന് പിഎസ്സി നടത്തുന്ന പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന പക്ഷം ജൂണ്‍ 28ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ അവസരം നല്‍കുന്നതിനാണ് പിഎസ്സി തീരുമാനിച്ചിരിക്കുന്നത്.
യുപിഎസ്സി - കെപിഎസ്സി പരീക്ഷകള്‍ക്ക് ഒരേ ജില്ലയില്‍ തന്നെ പരീക്ഷാകേന്ദ്രം അനുവദിച്ചവര്‍ക്ക് ഈ അവസരം ലഭിക്കില്ല. ആവശ്യമായ രേഖകള്‍ സഹിതം മേയ് 26 മുതല്‍ 30 വരെ മേയ് 24ന് പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്ന പിഎസ്സി ജില്ലാ ഓഫീസുകളിലും തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തിലും നേരിട്ടോ ചുമതലപ്പെടുത്തിയ വ്യക്തി മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരും നിശ്ചിത തീയിതിക്കുള്ളില്‍ പുതിയ അപേക്ഷ നല്‍കണം.