വന്യമൃഗങ്ങളെ കാട്ടിൽത്തന്നെ നിർത്തുമെന്ന് മുഖ്യമന്ത്രി
Thursday, May 22, 2025 12:56 AM IST
മലപ്പുറം: വന്യമൃഗങ്ങൾക്ക് കാട്ടിൽത്തന്നെ ജീവിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അതിനായി കാട്ടിലുള്ള അധിനിവേശ സസ്യങ്ങൾ മുഴുവൻ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യം തടയാൻ സർക്കാർ ഫലപ്രദമായി നടപടിയെടുക്കുന്നുണ്ട്. മൃഗങ്ങൾ നാട്ടിലെത്തുന്നത് തടയാനുള്ള മാർഗങ്ങളാണ് നോക്കുന്നത്. കിടങ്ങുകൾ നിർമിക്കുക, ഫെൻസിംഗ് കെട്ടുക തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മൃഗങ്ങൾക്ക് ആവശ്യമായ വെള്ളം, ഭക്ഷണം എന്നിവ ലഭ്യമാക്കാൻ കാട്ടിൽത്തന്നെ സംവിധാനമൊരുക്കും. ഇന്ത്യയിൽ വന്യമൃഗങ്ങൾക്ക് സംരക്ഷണ നിയമം ശക്തമാണ്. അതിനാൽ തന്നെ അവ വ്യാപകമായി പെറ്റുപെരുകുന്നുണ്ട്.
കേന്ദ്ര നിയമത്തിൽ മാറ്റം വരാത്തതാണ് ഇതിന് കാരണം. വന്യമൃഗ ശല്യം പരിഹരിക്കാനായി സംസ്ഥാനം ഒരു പദ്ധതി കേന്ദ്രത്തിന് മുന്നിൽവച്ചിട്ടുണ്ടെന്നും, ഇതുവരെ നടപടിയായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാർഷികോത്പന്നങ്ങളുടെ മൂല്യവർധന കർഷകർക്ക് നേട്ടമുണ്ടാകും. ഇതിനായി കാർഷിക രംഗത്ത് ഉത്പാദനക്ഷമത വർധിപ്പിക്കണം. മഴമറ പോലുള്ള പുതിയ സംവിധാനങ്ങൾ കൊണ്ട് നല്ല രീതിയിൽ കൃഷി ചെയ്യാൻ സംസ്ഥാനത്ത് സാധിക്കുന്നുണ്ട്. ബ്രാൻഡിംഗ് അടക്കം മികച്ച രീതിയിലാണ് ഇപ്പോൾ മാർക്കറ്റിംഗ് നടക്കുന്നത്. വിദേശത്തേക്കടക്കം ഉത്പന്നങ്ങൾ കയറ്റി അയയ്ക്കാൻ കഴിയുന്നുണ്ട്.