കുട്ടിക്കാനം മരിയന്‍ കോളജിനെക്കുറിച്ചുള്ള ഡോ. തോമസ് ഐസക്കിന്റെ കുറിപ്പ് വൈറലാകുന്നു
Thursday, May 22, 2025 12:56 AM IST
കുട്ടിക്കാനം: ഏതാണ്ട് എല്ലാ വിദ്യാര്‍ഥികള്‍ക്കും കാമ്പസ് പ്ലേസ്മെന്റ് നല്കുന്ന ഒരു കോളജ്; അതാണ് കുട്ടിക്കാനത്തെ മരിയന്‍ കോളജ്. പറയുന്നത് കേരളത്തിന്റെ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്കാണ്.
സംശയാലുക്കള്‍ ഈ വര്‍ഷത്തെ പ്ലേസ്മെന്റ് കണക്കുകള്‍ വായിച്ചോളൂ. ഓര്‍ക്കണം ഈ അക്കാദമിക് ഇയറിലെ പ്ലേസ്മെന്റുകള്‍ ഇനിയും തീര്‍ന്നിട്ടില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എംബിഎ - 90 %
ബികോം - 100%
ബിബിഎ - 90%
ഹോസ്പിറ്റാലിറ്റി - 100%
ബിഎ ഇക്കണോമിക്സ് - 82%
എംകോം - 73%
എംഎസ്സി മാത്സ് - 75%
ബിഎ ഇംഗ്ലിഷ് - 70%
എംസിഎ - 61%
എംഎസ്സി ഫിസ്ക്സ് - 61%
എംഎ കമ്യൂണിക്കേഷൻ ആ ൻഡ് മീഡിയ സ്റ്റഡീസ്- 80%
ബിഎസ്ഡബ്ല്യു - 50%
.................ഇങ്ങനെ നീളുന്നു ലിസ്റ്റ്.
പ്ലേസ്മെന്റ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ 2300ൽപരം വിദ്യാര്‍ഥികളില്‍ അവസാന വര്‍ഷത്തില്‍ ഏതാണ്ട് എല്ലാവര്ക്കും പ്ലേസ്മെന്റ് ലഭിച്ചിരിക്കും.
ഇതുപോലെ കേരളത്തിലെ മറ്റ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഗണ്യമായ ഒരു ഭാഗം പേര്‍ക്കെങ്കിലും കാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കാന്‍ കഴിയില്ലേ? പഠിത്തം കഴിയുമ്പോള്‍ വിദ്യാര്‍ഥികള്‍ ഏതെങ്കിലും തൊഴിലിന് പ്രാപ്തരായിരിക്കണം.
മരിയൻ കോളജുപോലെ പല കോളജുകളിലെയും ഡിപ്പാര്‍ട്ട്മെന്റുകള്‍ കുട്ടികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നവയായുണ്ട്. ചില എൻജിനിയറിംഗ് കോളജുകള്‍, പോളിടെക്നിക്കുകൾ, ഐടിഐകള്‍ തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനം തീരുമ്പോള്തന്നെ ജോലി ലഭിക്കുന്നു. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിലാണ് വെല്ലുവിളി.
ഇതെങ്ങനെ മറികടക്കാം? വിജ്ഞാന കേരളം ജനകീയ കാമ്പയിന് കണ്ടിരിക്കുന്ന മാര്‍ഗം മുഴുവന്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളെയും ഈ ഓഗസ്റ്റ് മുതല്‍ ജോലിയിലേക്ക് നയിക്കുന്ന ഏതെങ്കിലും നൈപുണിയില്‍ പരിശീലനം നല്‍കുക എന്നുള്ളതാണ്. ഇതു സംബന്ധിച്ചായിരുന്നു മരിയന്‍ കോളജിലെ അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് ഏബ്രഹാം, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോസ് എന്നിവരുമായി സംസാരിച്ചത്.
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ സെമിനാര്‍ മരിയന്‍ കോളജില്‍ വച്ചായിരുന്നു. സെമിനാറിന്റെ വിജയത്തിന്റെ ഒരു ഘടകം ആ കാമ്പസിന്റെ അന്തരീക്ഷമായിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല.
മലനിരകളുടെ സൗന്ദര്യവും തണുത്ത കാലാവസ്ഥയും മാത്രമല്ല കാമ്പസ്തന്നെ എത്ര വൃത്തിയാണ്. 27 ഏക്കര്‍ പരന്നു കിടക്കുന്ന കാമ്പസിലെ മഴവെള്ളം മുഴുവന്‍ വലിയൊരു സംഭരണിയില്‍ ശേഖരിക്കുന്നു. ഏഴ് ഹോസ്റ്റലുകൾ, സ്മാര്‍ട്ട് ക്ലാസ്മുറികൾ, ആധുനിക ലാബുകള്‍, സമഗ്രമായ ലൈബ്രറി, വിപുലമായ സ്പോര്‍ട്സ് സൗകര്യങ്ങള്‍ ഇവയെല്ലാമുണ്ട്. ഒട്ടേറെ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളും കലാ-സാംസ്കാരിക വേദികളും ഉണ്ട്. കാഞ്ഞിരപ്പള്ളി ബിഷപ്പായിരുന്ന മാർ മാത്യു അറയ്ക്കല്‍ മുന്‍കൈയെടുത്താണ് 1995ല്‍ മരിയന്‍ കോളജ് സ്ഥാപിച്ചത്.
അന്നത്തെ അഞ്ചു കോഴ്സുകള്‍ ഇന്ന് 25ലേറെയായി വളര്‍ന്നിരിക്കുന്നു. എ++ ഗ്രേഡോടു കൂടിയുള്ള അക്രഡിറ്റേഷന്, കോളജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സ് എന്ന യുജിസി പദവി, ഓട്ടോണമസ് പദവി തുടങ്ങിയ അംഗീകാരങ്ങള്‍ കോളജിനുണ്ട്.
ഓഗസ്റ്റില്‍ ആരംഭിക്കുന്ന നൈപുണി പരിശീലനത്തിന് ഇതുപോലെ നല്ല അനുഭവങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ചര്‍ച്ചാവേദി കുട്ടിക്കാനത്ത് വച്ച് കഴിയുമോ? ഇടുക്കി ജില്ലയില്‍ ഒരു കാമ്പസ് കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ ആകുമോ? വളരെ ക്രിയാത്മകമായിട്ടാണ് മരിയന്‍ കോളജ് അധികൃതര്‍ സംസാരിച്ചത്.
തങ്ങളുടെ അറിവും പരിചയവും പങ്കുവയ്ക്കുന്നതില്‍ അവര്‍ക്ക് സന്തോഷമേയുള്ളൂ. ജൂണില്‍ ഇതിനായൊരു കൂടിച്ചേരല്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെ ന്നും തോമസ് ഐസക് ചൂണ്ടിക്കാ ട്ടുന്നു.