കേരളത്തിന്റെ കടഭാരം 4.65 ലക്ഷം കോടിയാകും
Thursday, May 22, 2025 1:40 AM IST
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലമാകുന്പോൾ കേരളത്തിന്റെ മൊത്തം കടഭാരം 4.65 ലക്ഷം കോടി രൂപയാകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നതുപോലെ ആറു ലക്ഷം കോടിയായി കടം ഉയരില്ല. ഇപ്പോൾ കേരളത്തിന്റെ ആകെ കടം 4.22 ലക്ഷം കോടി രൂപയാണെന്നും ധനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാർ സ്ഥാനമൊഴിഞ്ഞ 2015- 16ൽ 1.57 ലക്ഷം കോടി രൂപയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലമായ 2020- 21ൽ 2.96 ലക്ഷം കോടിയായിരുന്നു ആകെ കടം. ഓരോ അഞ്ചു വർഷവും കടത്തിന്റെ അളവ് ഇരട്ടിയാകുകയാണു പതിവ്.
ഇതനുസരിച്ച് നോക്കിയാൽ ഇപ്പോഴത്തെ കടഭാരം 5.8 ലക്ഷം കോടിയായെങ്കിലും ഉയരണം. കടമെടുക്കാൻ കേന്ദ്രം അനുമതി നൽകാത്തതും പ്രധാന ഘടകമാണ്. സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണ്. ഇതനുസുരിച്ച് കേരളത്തിന്റെ ആഭ്യന്തര സംസ്ഥാന മൊത്ത ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) 3.5 ശതമാനം വരെ വായ്പ അനുമതിയുണ്ട്.
എന്നാൽ, 2022-23ൽ 2.5 ശതമാനം, 2023-24ൽ 2.99 ശതമാനവുമാണ് സംസ്ഥാനം വായ്പ എടുത്തത്. നമുക്ക് അർഹതപ്പെട്ട കടം പോലും കേന്ദ്രം നിഷേധിക്കുന്നു. കഴിഞ്ഞവർഷം അനുവദനീയമായ 3.5 ശതമാനത്തിൽ താഴെയാണ് വായ്പ. 2020-21നുശേഷം കടം ഗണ്യമായി കുറഞ്ഞു.
2020-21ൽ കടം ജിഎസ്ഡിപി അനുപാതം 38.47 ശതമാനമായിരുന്നു. 2021-22ൽ 36.31 ശതമാനം, 2022-23ൽ 35.38 ശതമാനം, 2023-24ൽ 34.2 ശതമാനം എന്നിങ്ങനെ കുറഞ്ഞു. 2024-25ൽ ആകട്ടെ 33.9 ശതമാനമായി താഴ്ന്നു.വരുമാനം കുത്തനെ ഇടിഞ്ഞപ്പോൾ വായ്പ എടുക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നു മില്ലായിരുന്നു.
അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ 2021-25 കാലത്ത് ജിഎസ്ഡിപി വളർച്ചാ നിരക്ക് ശരാശരി 13.5 ശതമാനമായി ഉയർന്നപ്പോൾ കടത്തിന്റെ വളർച്ചാ നിരക്ക് ശരാശരി 9.8 ശതമാനം മാത്രമാണ്.
സംസ്ഥാനത്തിന്റെ നികുതി-നികുതിയേതര പ്രതിവർഷ വരുമാനം ഒരു ലക്ഷം കോടിയായി ഉയർന്നു. ചെലവ് 1.75 കോടിയായി. വരും വർഷങ്ങളിൽ ഇതു രണ്ടു ലക്ഷം കോടിയായെങ്കിലും ഉയരുമെന്നും ധനമന്ത്രി പറഞ്ഞു.
ഐജിഎസ്ടി വിഹിതത്തിലും കേരളത്തിനു വെട്ട്
തിരുവനന്തപുരം: ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഐജിഎസ്ടി ഇനത്തിൽ ലഭിക്കേണ്ട തുകയിൽനിന്ന് 965.16 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിവിധ വ്യാപാര സ്ഥാപനങ്ങൾ നൽകിയ കണക്കുകളിൽ തട്ടിപ്പു നടന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു പങ്കുവയ്ക്കേണ്ട നികുതിയിലും വെട്ടിക്കുറവു വരുത്തിയത്.
ഐജിഎസ്ടി (സംയോജിത ചരക്കുസേവന നികുതി) സംബന്ധിച്ചു കൃത്യമായ കണക്കൊന്നും ഇപ്പോഴും ചരക്കു സേവനനികുതി സന്പ്രദായത്തിൽ ലഭ്യമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഏപ്രിലിൽ ഐജിഎസ്ടി ഇനത്തിൽ ലഭിക്കേണ്ട 1700 കോടി രൂപയിൽ നേരത്തെയുള്ള പൂളിലെ നഷ്ടം കണക്കാക്കിയാണ് 965.16 കോടി രൂപ കുറച്ചു സംസ്ഥാനത്തിനു നൽകിയത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപത്തിനും വായ്പയ്ക്കും ഗാരന്റി നിൽക്കുന്നതിന്റെ പേരിൽ ഈ വർഷം സംസ്ഥാന സർക്കാരിന് വായ്പയെടുക്കാവുന്ന തുകയിൽനിന്ന് 3300 കോടി രൂപ കുറച്ചിരുന്നു. ഗാരന്റി റിഡംപ്ഷൻ ഫണ്ടിന്റെ പേര് പറഞ്ഞാണ് കേരളത്തിന്റെ വായ്പാനുപാതത്തിൽ കുറവ് വരുത്തിയത്.
80,000 കോടി രൂപയ്ക്കാണ് സംസ്ഥാനം ഗാരന്റി നിൽക്കുന്നത്. ഇതിന്റെ അഞ്ചു ശതമാനം ഗാരന്റി റിഡംപ്ഷൻ ഫണ്ടായി മാറ്റിവയ്ക്കണമെന്നാണ് ഈ വർഷം വായ്പയെടുക്കുന്നതിനുള്ള നിബന്ധനയായി കേന്ദ്രം പറഞ്ഞത്. അങ്ങനെ ചെയ്തില്ലെങ്കിൽ വായ്പയെടുക്കാവുന്നതിൽനിന്ന് ജിഎസ്ഡിപിയുടെ 0.25 ശതമാനം, അതായത് 3300 കോടി രൂപ കുറയ്ക്കുമെന്നാണ് കഴിഞ്ഞദിവസം കത്ത് മുഖേനേ അറിയിച്ചത്.
ഈ വർഷം ഡിസംബർ വരെ 29,529 കോടിയാണ് വായ്പയെടുക്കാവുന്നതെന്ന് അറിയിച്ചതിനു പിന്നാലെയാണിത്. ഇതിനു പുറമേയാണ് ഐജിഎസ്ടിയും വെട്ടിക്കുറച്ചത്.