സർക്കാർ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി, ഒരാൾ അറസ്റ്റിൽ
Thursday, May 22, 2025 12:56 AM IST
ഒറ്റപ്പാലം: മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ഗവൺമെന്റ് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.
കോതകുറുശി പനമണ്ണ പൂമുളംകാട്ടിൽ മുഹമ്മദാലി (39)യാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി മുത്തുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പാലപ്പുറം അങ്ങാടിയിൽ ഹരിദാസ്(56) എന്നയാളാണ് പരാതിക്കാരൻ.
ബേക്കറി ജോലിക്കാരനായ ഹരിദാസിന്റെ മക്കൾക്ക് ഗവൺമെന്റ് ജോലി തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനംചെയ്ത് 8.57 ലക്ഷം രൂപയാണ് പലതവണകളിലായി മുത്തുവും മുഹമ്മദാലിയും തട്ടിയെടുത്തത്. 2024 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ബാങ്ക് അക്കൗണ്ട് മുഖേനയും നേരിട്ടുമാണ് ഹരിദാസ് പണംനൽകിയത്.
സെക്രട്ടേറിയറ്റിൽ താത്കാലിക ബയന്റിംഗ് ജോലി ചെയ്തിരുന്ന മുഹമ്മദാലിക്ക് മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്നാണ് ഹരിദാസിനെ ധരിപ്പിച്ചത്. ജോലി ലഭിക്കാത്തതിനെത്തുടർന്ന് നിരന്തരം ഇവരെ ബന്ധപ്പെട്ടെങ്കിലും വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തംമൂലം തിരക്കായതിനാൽ മുഖ്യമന്ത്രിയെ കാണാൻ സാധിച്ചില്ലെന്നാണ് പ്രതി മറുപടി നൽകിയത്.
പണവും ജോലിയും ലഭിക്കാത്തതിനെത്തുടർന്ന് ഹരിദാസ് ഒറ്റപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ കൂടുതൽപ്പേരിൽനിന്ന് ഇതേരീതിയിൽ പണം തട്ടിയെന്ന് പരാതിയുള്ളതായും പോലീസ് പറഞ്ഞു.