പേരൂർക്കട പോലീസ് സ്റ്റേഷനിൽ യുവതിക്കു മാനസിക പീഡനം ; ഗ്രേഡ് എഎസ്ഐക്ക് സസ്പെൻഷൻ
Thursday, May 22, 2025 1:40 AM IST
തിരുവനന്തപുരം: മോഷ്ടാവെന്ന് മുദ്രകുത്തി പേരൂർക്കട പോലീസ് സ്റ്റേഷനിൽ യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി.
സ്റ്റേഷന്റെ ജനറൽ ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന ഗ്രേഡ് എഎസ്ഐ പ്രസന്നകുമാറിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു.
പോലീസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ശംഖുംമുഖം എസിപിയെ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാനാണു നിർദേശം. എസിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
സ്വർണമാല കാണാതായെന്ന പരാതിയിൽ പനവൂർ പനയമുട്ടം സ്വദേശിനി ബിന്ദുവിനെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ അന്യായമായി കസ്റ്റഡിയിൽ വയ്ക്കുകയും വെള്ളം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് എഎസ്ഐക്ക് സസ്പെൻഷൻ.
തന്നെ ഏറ്റവും കുടുതൽ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തത് എഎസ്ഐ പ്രസന്നകുമാറാണെന്ന് അവഹേളനത്തിനിരയായ യുവതി ബിന്ദു മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു.
കുടിക്കാൻ ടോയ്ലറ്റിലെ ജലം ഉപയോഗിക്കാൻ പോലീസ് പറഞ്ഞെന്ന ആരോപണത്തെക്കുറിച്ചും പേരൂർക്കട പോലീസ് സ്റ്റേഷനിലെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നു സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ ബിന്ദു ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മോശമായി പെരുമാറിയ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് അടക്കമുള്ള കൂടുതൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നാണു വിവരം. ഇതു സംബന്ധിച്ച് പോലീസിനു പുറത്തുള്ള സംഘത്തിന്റെ അന്വേഷണം വേണമെന്ന നിർദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എസ്ഐ പ്രസാദിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചുള്ള കന്റോണ്മെന്റ് എസിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടികൾ.
സംഭവത്തിൽ കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷക ദിനത്തിൽ സർക്കാരിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു പേരൂർക്കട പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. സസ്പെൻഷനുകളിൽ ഒതുക്കി കൂടുതൽ പോലീസുകാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും സൂചനയുണ്ട്.