ഭവനനിർമാണ തട്ടിപ്പ് ; മുൻ പട്ടികജാതി വികസന ഓഫീസർക്ക് 12 വർഷം കഠിനതടവും 9,40,000 രൂപ പിഴയും
Thursday, May 22, 2025 12:56 AM IST
മൂവാറ്റുപുഴ: പട്ടികജാതി ഭവനനിർമാണ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ പട്ടികജാതി വികസന ഓഫീസറെ മൂവാറ്റുപുഴ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു.
ഇടുക്കി കീഴാന്തൂർ പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവനനിർമാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ ദേവികുളം താലൂക്ക് മുൻ പട്ടികജാതി വികസന ഓഫീസറായിരുന്ന ക്രിസ്റ്റഫർ രാജിനെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജു 12 വർഷം കഠിനതടവിനും 9,40,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചത്.
2002-2003 കാലഘട്ടത്തിൽ ഇടുക്കി കീഴാന്തൂർ പട്ടികജാതി വിഭാഗക്കാർക്കായുള്ള ഭവനനിർമാണ പദ്ധതിപ്രകാരം 13 ഉപഭോക്താക്കൾക്ക് അനുവദിച്ച തുകയിൽ 10,93,500 രൂപ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന ഇടുക്കി വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണു ക്രിസ്റ്റഫർ രാജ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
വിവിധ വകുപ്പുകളിലായി ആകെ 12 വർഷം കഠിനതടവിനും 9,40,000 രൂപ പിഴ അടയ്ക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.
ക്രിസ്റ്റഫർ രാജ് പട്ടികജാതി വികസന ഓഫീസറായിരിക്കേ ഇതേ കാലഘട്ടത്തിൽ ഇടുക്കി ജില്ലയിലെ മറയൂരിൽ പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവനനിർമാണ പദ്ധതിപ്രകാരം അനുവദിച്ച തുകയിൽ 11,90,000 രൂപ വ്യാജരേഖ ചമച്ച് തട്ടിയെടുത്തതിന് ഇടുക്കി വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും മൂവാറ്റുപുഴ വിജിലൻസ് കോടതി ഏഴു വർഷം കഠിന തടവിനും 30,00,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചിരുന്നു.