സർക്കാർ നിസംഗത തുടർന്നാൽ ഇടുക്കി വനമാകാൻ അധിക കാലമില്ല
Thursday, May 22, 2025 12:56 AM IST
കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: സംസ്ഥാന സർക്കാർ നിസംഗത തുടർന്നാൽ ഇടുക്കി വനമാകാൻ അധികകാലം വേണ്ടിവരില്ല. ഈ മാസം 15ലെ സുപ്രീംകോടതി ഉത്തരവുകൂടി പരിഗണിക്കുന്പോൾ ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് പ്രദേശത്തുനിന്ന് ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടും. 1996ലെ ടി.എൻ. ഗോദവർമൻ തിരുമുൽപ്പാട് കേസിലാണ് 15ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ വിധി ഉണ്ടായിരിക്കുന്നത്.
വിധിയനുസരിച്ച് എന്നെങ്കിലും വനഭൂമിയായി റിസർവ് ചെയ്യപ്പെട്ടിട്ടുള്ള ഭൂമി റവന്യു വകുപ്പിനോ റവന്യുവകുപ്പ് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിലും (വന ഇതര ആവശ്യങ്ങൾക്കായി) അത് തിരിച്ചെടുത്ത് വനംവകുപ്പിന് മൂന്നു മാസത്തിനുള്ളിൽ തിരികെ നൽകണം.
അപ്രകാരം പൊതുതാത്പര്യ പ്രകാരം ഭൂമി തിരിച്ചെടുക്കാനാകാത്ത വിധം ആയിട്ടുണ്ടെങ്കിൽ കൈവശക്കാരിൽനിന്ന് വില ഈടാക്കി വനവത്കരണത്തിനായി വനംവകുപ്പിനു നൽകണം. ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഒരുവർഷത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണ പ്രദേശ അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഇവിടെ, ഇടുക്കി ജില്ലയിൽ സിഎച്ച്ആർ ഭൂമിയിൽ വനം റവന്യു വകുപ്പുകൾ തമ്മിൽ ഉടമസ്ഥാവകാശ തർക്കം നിലവിലുണ്ട്. ജില്ലയിൽ ഏലം കൃഷിക്കായി (പാട്ടമായും പട്ടയമായും) നൽകിയിരിക്കുന്ന 2,15,720 ഏക്കർ വനഭൂമിയാണെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. ഇതു സംബന്ധിച്ച് 2002ൽ പരിസ്ഥിതി സംഘടന എന്നപേരിൽ ഒരാൾ നൽകിയിരിക്കുന്ന കേസിൽ സുപ്രീംകോടതിയിൽ വാദം നടക്കുകയാണ്.
ഭൂമിയുടെ അവകാശം സംബന്ധിച്ച് വനം റവന്യു വകുപ്പുകൾ വ്യത്യസ്ത റിപ്പോർട്ടുകളാണ് കോടതിയിൽ നൽകിയിരിക്കുന്നത്. ഇതിൽ ഏകോപനമുണ്ടാക്കി റിപ്പോർട്ട് നൽകാൻ കോടതി അനുവദിച്ച സമയവും അതിക്രമിച്ചു. ഇതിനിടയിൽ സിഎച്ച്ആർ കേസ് കേട്ടിരുന്ന ബെഞ്ചിന്റ് അധ്യക്ഷനായിരുന്ന ജസ്റ്റീസ് ഗവായ് ചീഫ് ജസ്റ്റീസായി നിയമിക്കപ്പെടുകയും ചെയ്തതോടെ സിഎച്ച്ആർ കേസ് പുതിയ ബെഞ്ചാണ് പരിഗണിക്കേണ്ടത്. ഇതിനുണ്ടാകുന്ന കാലതാമസം നിലവിലുണ്ട്.
ഏതെങ്കിലും സാഹചര്യത്തിൽ സിഎച്ച്ആർ (ഏലമല പ്രദേശം) വനഭൂമിയായിരുന്നെന്നോ ആണെന്നോ കോടതി ഉത്തരവുണ്ടായാൽ ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവനുസരിച്ച് അടിയന്തരമായി കുടിയൊഴിപ്പിക്കലുണ്ടാകും.
സ്പൈസസ് ബോർഡ് മുൻ ചെയർമാൻ ജയതിലകാണ് നിലവിൽ സംസ്ഥാന ചീഫ് സെക്രട്ടറി. സ്പൈസസ് ബോർഡ് ചെയർമാനായിരുന്നപ്പോൾ ഏലം കർഷകരെ അദ്ദേഹം കാര്യമായി പരിഗണിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഏലം കർഷകർ സ്വരൂപിച്ച കാർഡമം ഡെവലപ്മെന്റ് ഫണ്ട് അദ്ദേഹം തിരികെ നൽകി പദ്ധതി അവസാനിപ്പിച്ചിരുന്നു.
സർക്കാർ, വിഷയത്തിൽ കാര്യമായ താത്പര്യം കാട്ടിയില്ലെങ്കിൽ വനംവകുപ്പിന്റെ അജണ്ട നടപ്പായി ഹൈറേഞ്ചിലെ ഭൂരിഭാഗം പ്രദേശങ്ങളും വനംവകുപ്പിന്റെ അധീനതയിലാകും. അതോടെ ഹൈറേഞ്ചിലെ ജനജീവിതവും അസാധ്യമാകും.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏലം കൃഷി വനവത്കരിക്കപ്പെടും. വന്യജീവികൾ യഥേഷ്ടം വിഹരിക്കുന്ന പ്രദേശമായി ഇടുക്കി ജില്ല മാറും. ഇവിടെ റവന്യു വകുപ്പ് പതിച്ചു നൽകിയ പട്ടയഭൂമി ഉണ്ടെങ്കിലും അവിടെയും സ്വൈരജീവിതം അസാധ്യമാകും.
ഇതിനിടയിൽ ഇടുക്കി ജില്ലയിലെ പട്ടയ നടപടികൾ തടഞ്ഞു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുമുണ്ട്. സിഎച്ച്ആറിലെ പട്ടയ നടപടികളും കോടതി തടഞ്ഞിരിക്കുകയാണ്. 2023 സെപ്റ്റംബറിൽ സിഎച്ച്ആറിലെ പട്ടയ നടപടികൾ കോടതി വിലക്കിയപ്പോൾ ഇവിടെ കർഷകരുടെ കൈവശമുള്ള 25,800 ഹെക്ടറിനു പട്ടയം നൽകാൻ 1999ൽ സുപ്രീംകോടതി ഉത്തരവുള്ളതാണെന്ന് കോടതിയെ ബോധിപ്പിക്കാൻ സർക്കാർ അഭിഭാഷകനു കഴിഞ്ഞില്ലെന്നതും ഇതോടൊപ്പം വായിക്കപ്പെടേണ്ടതാണ്.
ഇടുക്കി വനമാണെന്നു സ്ഥാപിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും വനം ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്. വണ്ണപ്പുറം തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് വനംവകുപ്പു തകർത്തതും ചിന്നക്കനാലിൽ റവന്യു ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിച്ച് വനംവകുപ്പ് ബോർഡ് സ്ഥാപിച്ചതും സുപ്രീംകോടതിയുടെ പുതിയ വിധി ഉണ്ടാകുന്നതിനു തൊട്ടുമുന്പാണ്.