സ്മാർട്ട് റോഡുകളുടെ ഉദ്ഘാടനം; മന്ത്രിമാർക്കിടയിൽ ഭിന്നത
Thursday, May 22, 2025 1:40 AM IST
തിരുവനന്തപുരം: ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് റോഡുകളുടെ അവകാശത്തെച്ചൊല്ലി സിപിഎം മന്ത്രിമാർക്കിടയിൽ ഭിന്നത.
ഉദ്ഘാടനത്തിനു തദ്ദേശവകുപ്പു മന്ത്രിയായ തന്നെ ക്ഷണിച്ചില്ലെന്ന് മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പരാതി അറിയിച്ചുവെന്നും ഇതിനെത്തുടർന്നാണു മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിൽനിന്നും വിട്ടുനിന്നതെന്നുമാണു വിവരം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അമിതാധികാര ഇടപെടലിനെതിരേയായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പരാതി.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രിയുടെയും മന്ത്രി റിയാസിന്റെയും ചിത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതും സിപിഎമ്മിനുള്ളിൽ ചർച്ചയായതിനു പിന്നാലെയാണ് ഉദ്ഘാടനത്തിനു തന്നെ ഒഴിവാക്കിയതിലുള്ള നീരസം മന്ത്രി രാജേഷ് മുഖ്യമന്ത്രിയെ നേരിൽ കണ്ടു പറഞ്ഞത്.
എന്നാൽ 12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്തു പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു പുറത്തു പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം 16നായിരുന്നു സ്മാർട്ട് റോഡുകളുടെ ഉദ്ഘാടനം.
ആരോഗ്യപരമായ കാരണങ്ങളാൽ അന്ന് ഉച്ചയ്ക്കു ശേഷമുള്ള മൂന്നു പരിപാടികൾ മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു. കാലവർഷ മുൻകരുതലുമായി ബന്ധപ്പെട്ടു വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്ഘാടനവും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാധ്യമങ്ങൾ അന്നു വാർത്ത നൽകിയതുമാണ്.
എന്നാൽ പിന്നീടു മറ്റെന്തോ കാരണങ്ങൾകൊണ്ടാണു റോഡുകളുടെ ഉദ്ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടി വിജയകരമായി മുന്നേറുന്പോൾ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തിരുവനന്തപുരത്തെ സ്മാർട്ട് റോഡ് നിർമാണത്തിന് ആകെ കണക്കാക്കിയത് 200 കോടി രൂപയാണ്. കേന്ദ്രവും സംസ്ഥാനവും കൂടി 80 കോടി രൂപ നൽകി. 80 കോടി നൽകിയത് തദ്ദേശ ഭരണ അക്കൗണ്ടിൽ നിന്നാണ്. ബാക്കി തുക തിരുവനന്തപുരം കോർപറേഷനും ചെലവാക്കി.
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിനു റോഡുകളുടെ മേൽനോട്ട ചുമതല മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കി റോഡുകളുടെ ക്രെഡിറ്റ് പൊതുമരാമത്തു വകുപ്പു കൊണ്ടുപോയതിലെ ദേഷ്യം കൂടിയാണ് മന്ത്രി രാജേഷ് പ്രകടമാക്കിയത്.
വാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി രാജേഷ്
തിരുവനന്തപുരം: സ്മാര്‍ട്ട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി എം.ബി. രാജേഷ്. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അന്യായമാണെന്നും മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രിസഭയില്‍ ഭിന്നതയില്ല. മന്ത്രി മുഹമ്മദ് റിയാസുമായി തര്‍ക്കമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്.സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ദിനത്തില്‍ താന്‍ റവന്യൂ-തദ്ദേശ വകുപ്പുകളുടെ മറ്റൊരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.
യോഗം ആറുമണിവരെ നീണ്ടുപോയതിനാലാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. തെരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.