മുല്ലപ്പെരിയാര്‍: സര്‍ക്കാരുകളുടെ അനാസ്ഥയില്‍ ജനകീയ പ്രക്ഷോഭം
Thursday, May 22, 2025 12:56 AM IST
കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-കേരള-തമിഴ്നാട് സര്‍ക്കാരുകളുടെ അനാസ്ഥ തുറന്നുകാണിക്കുന്നതിന് മുല്ലപ്പെരിയാര്‍ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ആലോചനായോഗം ജൂണ്‍ ആറിന് എറണാകുളം ബിടിഎച്ചില്‍ നടക്കും.
രാവിലെ 11ന് ആരംഭിക്കുന്ന യോഗത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, അസംബ്ലി ഓഫ് ക്രിസ്ത്യന്‍ സര്‍വീസസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യൻ, കെസിബിസി പ്രോ-ലൈഫ് അനിമേറ്റര്‍ സാബു ജോസ് തുടങ്ങി വിവിധ സാമൂഹ്യ-സാംസ്കാരിക- മത- സാമുദായിക നേതാക്കളും സ്ഥാപന മേധാവികളും വ്യാപാരികളും പങ്കെടുക്കും.
മുല്ലപ്പെരിയാര്‍ ഡാം കാലഹരണപ്പെട്ടിട്ടും കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്രവും കേരളവും മാത്രമല്ല, ഡാം പൂര്‍ണമായി ഉപയോഗിക്കുന്ന തമിഴ്നാടും നിറവേറ്റുന്നില്ലെന്ന് മുല്ലപ്പെരിയാര്‍ ഏകോപന സമിതി കുറ്റപ്പെടുത്തി.
കഴിഞ്ഞ 55 വര്‍ഷമായി ഫെയര്‍വാല്യൂ അടിസ്ഥാനത്തില്‍ പാട്ടത്തുക പുതുക്കി നിശ്ചയിക്കാത്ത കേരള സര്‍ക്കാര്‍ നടപടി ദുരൂഹമാണ്. സര്‍ക്കാര്‍തലത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കണമെന്നും സമിതി കണ്‍വീനര്‍ കെ.എസ്. പ്രകാശ് ആവശ്യപ്പെട്ടു.