റെയിൽവേ സേവനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ: ‘സ്വറെയിൽ’ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ
Thursday, May 22, 2025 12:56 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഇന്ത്യൻ റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ‘സ്വറെയിൽ’ ആപ്പ് പ്രവർത്തനക്ഷമമായി.
റെയിൽവേ തന്നെ സൂപ്പർ ആപ്പ് എന്ന് വിശേഷിപ്പിക്കുന്ന ഈ ആപ്ലിക്കേഷൻ പരീക്ഷണാർഥം കഴിഞ്ഞ ദിവസം മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി. എന്നാൽ, ഇത് ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇതുവരെ എത്തിയിട്ടുമില്ല.
ലോക്കൽ - ദീർഘദൂര ട്രെയിൻ യാത്രാ ടിക്കറ്റുകൾ ഈ ആപ്പ് വഴി ബുക്ക് ചെയ്യാം. യാത്രയ്ക്കിടയിൽ ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഓടുന്ന ട്രെയിനുകളുടെ ലൈവ് ലൊക്കേഷനും അറിയാൻ സാധിക്കും. ബുക്ക് ചെയ്ത് അയയ്ക്കുന്ന പാഴ്സലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങളും കൃത്യമായി ആപ്പ് വഴി കിട്ടും.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനും (ഐആർസിടിസി) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ സിസ്റ്റം) സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് പുതിയ ആപ്ലിക്കേഷൻ.നിലവിൽ റെയിൽവേ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് തന്നെ സ്വറെയിൽ ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കും.
റെയിൽവേയുടെ എന്തെങ്കിലും സേവനം ആവശ്യമുള്ളവർക്ക് അത് വിശദമായി പ്രതിപാദിച്ച് ആപ്പ് വഴി അപേക്ഷ നൽകാം. പരാതികൾ നൽകാനും ആപ്പിൽ സൗകര്യമുണ്ട്.