വടക്കൻ കേരളത്തിൽ കനത്ത മഴ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Thursday, May 22, 2025 1:40 AM IST
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്ചതന്നെ കേരളത്തിൽ പെയ്തു തുടങ്ങാനുള്ള അനുകൂല ഘടകങ്ങൾ രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
മേയ് 27ന് കേരളത്തിൽ കാലവർഷം പെയ്തുതുടങ്ങുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുൻ പ്രവചനം. എന്നാൽ, ഇത് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിരുന്നു.
കാലവർഷക്കാറ്റിന്റെ ശക്തി വർധിച്ചതിനൊപ്പം ഗതിയും അനുകൂലമായി തുടരുന്നതിനാലാണ് കാലവർഷം നേരത്തേ എത്തിച്ചേരുമെന്ന നിഗമനത്തിനടിസ്ഥാനം.
അതേസമയം, വടക്കൻ കേരളത്തിലടക്കം ദിവസങ്ങളായി അതിശക്തമായ മഴ തുടരുകയാണ്.ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ ജില്ലകളിൽ പെയ്തത്.
നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.